Site iconSite icon Janayugom Online

അസംഘടിത മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം

പകുതിയോളം ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അസംഘടിത മേഖലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ വലിയ രീതിയിലുള്ള തൊഴില്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫിസിന്റെ (എന്‍എസ്എസ്ഒ) 2021–22, 2022–23 വര്‍ഷങ്ങളിലെ അണ്‍ഇന്‍കോര്‍പറേറ്റഡ് സെക്ടര്‍ എന്റര്‍പ്രൈസസ് (എഎസ്‌യുഎസ്ഇ) വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

18 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 13 എണ്ണത്തിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് അസംഘടിത മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്. ഒരാളുടെ മാത്രം ഉടമസ്ഥതയിലുള്ളതും പങ്കാളിത്ത സംരംഭങ്ങളും ഉള്‍പ്പെടെയുള്ള ചെറുകിട സംരംഭങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഴുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത് പശ്ചിമബംഗാളിലാണ്, 30 ലക്ഷമാണിത്. കര്‍ണാടക (13 ലക്ഷം), തമിഴ്നാട് (12 ലക്ഷം), ഉത്തര്‍പ്രദേശ് (7,91,000) ആന്ധ്രാ പ്രദേശ് (6,77,000), കേരളം (6,40,000), അസം (4,94,000), തെലങ്കാന (3,34,000) സംസ്ഥാനങ്ങളിലും ഇക്കാലയളവില്‍ തൊഴില്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഡല്‍ഹിയില്‍ മാത്രം മൂന്ന് ലക്ഷം തൊഴിലുകള്‍ ഇല്ലാതായപ്പോള്‍ ചണ്ഡീഗഡ് 51,000, പുതുച്ചേരി 32,000 ജോലി വീതവും നഷ്ടമായി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും വിവരങ്ങള്‍ ലഭ്യമല്ല. ഈ കണക്കുകളനുസരിച്ച് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിച്ച സംസ്ഥാനങ്ങളില്‍ ഒന്നാമത് മഹാരാഷ്ട്രയാണ്. 24 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ഏഴ് വര്‍ഷത്തിനിടെ പുതിയതായി ജോലി ലഭിച്ചത്. ഗുജറാത്ത്, ഒഡിഷ, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളും പട്ടികയില്‍ പിന്നാലെയുണ്ട്.

Eng­lish Sum­ma­ry: Mas­sive job loss in the unor­ga­nized sector

You may also like this video

Exit mobile version