Site iconSite icon Janayugom Online

തെലങ്കാനയില്‍ മോഡിക്കെതിരെ വന്‍ പ്രതിഷേധം; സിപിഐ സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവുവിനെ കരുതല്‍ തടങ്കലിലാക്കി

പ്രധാനമന്ത്രിയുടെ തെലങ്കാന സന്ദര്‍ശനത്തിനെതിരെ വന്‍ പ്രതിഷേധം. സിപിഐ സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവു ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലിലാക്കുകയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ നാരായണ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി സിപിഐ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ടിആര്‍എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മോഡിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം നല്കിയിരുന്നു. മോഡി കടന്നുപോകുന്ന വഴികളിലെല്ലാം ഗോ ബാക്ക് മോഡി, നോ എന്‍ട്രി ടു തെലങ്കാന എന്ന പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. രാമഗുണ്ഡത്തുവച്ചാണ് സാംബശിവറാവുവിനെ തടങ്കലിലാക്കിയത്. കെ നാരായണ ഉള്‍പ്പെടെയുള്ളവരെ ഹൈദരാബാദില്‍ വച്ച് അറസ്റ്റ് ചെയ്തു. ഖനി സ്വകാര്യവല്‍ക്കരണത്തിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തൊഴിലാളികളും പ്രതിഷേധിച്ചു. ശ്രീറാംപൂര്‍, ബെല്ലാമഹള്ളി, രാമകൃഷ്ണപൂര്‍, മന്ദമാരി എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. 

മോഡി ഇതുവരെ നല്‍കിയ വാഗ്ദാനങ്ങളും അതില്‍ നടപ്പിലാകാത്ത വാഗ്ദാനങ്ങളും എടുത്ത് കാട്ടിയാണ് ടിആര്‍എസിന്റെ പോസ്റ്ററുകള്‍. മുനുഗോഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ബിജെപി-ടിആര്‍എസ് പോരിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെലങ്കാന സാക്ഷ്യം വഹിച്ചത്. പിന്നാലെയാണ് മോഡിയുടെ സന്ദര്‍ശനത്തിനിടയിലും പോസ്റ്ററുകള്‍ ഉയര്‍ന്നത്. മോഡി കടന്നുപോയ വഴികളിലെല്ലാം കറുത്ത ബലൂണുകളും പറത്തി. 

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി തെലങ്കാനയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കെസിആര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രിക്ക് പകരം മന്ത്രി ടി ശ്രീനിവാസ റെഡ്ഡിയെയാണ് ചുമതലപ്പെടുത്തിയത്. അതേസമയം കെസിആറിനെതിരെ പ്രസംഗത്തില്‍ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തി. സര്‍ക്കാരിന് ജനങ്ങളാണ് പരമപ്രധാനം. അല്ലാതെ കുടുംബമാകരുതെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Massive protest against Modi in Telangana
You may also like this video

Exit mobile version