റെഡ് ഫോർട്ടിന് സമീപം നടന്ന ജൈനമത ചടങ്ങിൽ വൻ സുരക്ഷാ വീഴ്ച. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വർണ്ണ കലശങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. ജൈന പുരോഹിതന്റെ വേഷത്തിലെത്തിയ മോഷ്ടാവാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ജൈന ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന വജ്രം, മാണിക്യം എന്നിവ പതിച്ച അമൂല്യ വസ്തുക്കളാണ് മോഷണം പോയത്. ബിസിനസ്സുകാരനായ സുധീർ ജെയിനിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സാധനങ്ങൾ. അദ്ദേഹം എല്ലാ ദിവസവും പൂജകൾക്കായി ഇവ കൊണ്ടുവരാറുണ്ടായിരുന്നു. റെഡ് ഫോർട്ടിനടുത്തുള്ള പാർക്കിൽ നടന്ന ‘ദസ്‌ലക്ഷൺ മഹാപർവ്’ എന്ന പത്ത് ദിവസത്തെ മതപരമായ ചടങ്ങിനിടെയാണ് മോഷണം നടന്നത്. പ്രമുഖരെ സ്വീകരിക്കുന്നതിന്റെ തിരക്കിലായിരുന്ന സംഘാടകരുടെ ശ്രദ്ധ മാറിയപ്പോഴാണ് മോഷണം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

