Site iconSite icon Janayugom Online

ഇനി കൃഷ്ണജന്മഭൂമിയുടെ പേരില്‍: മഥുര മോസ്കിലെ പുരാവസ്തു സര്‍വേയ്ക്ക് കോടതി ഉത്തരവ്

ഉത്തര്‍പ്രദേശിലെ മഥുരയിലെ കൃഷ്ണജന്മഭൂമിയില്‍ നിര്‍മ്മിച്ചുവെന്ന് അവകാശമുന്നയിച്ചിരിക്കുന്ന ഷഹി ഇദ്ഗാഹ് മോസ്കില്‍ പുരാവസ്തു സര്‍വേ നടത്താൻ മഥുര കോടതിയുടെ ഉത്തരവ്. ജനുവരി 2ന് ശേഷം സര്‍വേ നടത്തി 20ന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ഹിന്ദു സേന എന്ന തീവ്ര വലതുപക്ഷ സംഘടനാ നേതാവ് വിഷ്ണു ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വരാണസിയിലെ ഗ്യാൻവാപി മോസ്കില്‍ ശിവലിംഗം കണ്ടെത്തിയ സര്‍വേയ്ക്ക് സമാനമായിരിക്കും ഈ സര്‍വേയുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

കേസിലെ തുടര്‍വാദം ജനുവരി 20ന് കേള്‍ക്കും. കൃഷ്ണൻ ജനിച്ചുവെന്ന് അവകാശപ്പെട്ട് കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപമുള്ള 17-ാം നൂറ്റാണ്ടിലെ മോസ്കായ ഷാഹി ഇദ്ഗാഹ് മോസ്ക് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികളില്‍ ഒന്നാണ് ഇന്ന് കോടതി പരിഗണിച്ചത്. 1669–70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവ് പ്രകാരമാണ് 13.37 ഏക്കര്‍ വരുന്ന കത്ര കേശവ് ദേവ് ക്ഷേത്ര പരിസരത്ത് മോസ്ക് നിര്‍മ്മിച്ചതെന്ന് വിഷ്ണു ഗുപ്തയുടെ ഹര്‍ജിയില്‍ പറയുന്നു. ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘവും ഷാഹി ഇദ്ഗാഹും തമ്മില്‍ 1968ല്‍ ഉണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ഹിന്ദു സേനയുടെ ദേശീയ പ്രസിഡന്റായ ഗുപ്തയുടെ അഭിഭാഷകൻ ശൈലേഷ് ദുബൈ കോടതിയില്‍ വാദിച്ചു.

1947 ഓഗസ്റ്റ് 15 മുതല്‍ ഏത് പ്രദേശത്തും പ്രവര്‍ത്തിക്കുന്ന ആരാധാനലയങ്ങള്‍ക്ക് അവിടെ തന്നെ പ്രവര്‍ത്തിക്കാം എന്ന 1991ലെ പ്ലേസസ് ഓഫ് വര്‍ഷിപ്പ് ആക്ട് അനുസരിച്ച് ഇത് അംഗീകരിക്കാനാകില്ലെന്നായിരുന്നു മഥുരയിലെ ഒരു സിവില്‍ കോടതി മുമ്പ് ഉത്തരവിട്ടിരുന്നത്. ഈ നിയമത്തില്‍ ഇളവ് വന്നത് 1992ല്‍ ഹിന്ദുത്വവാദികള്‍ തകര്‍ത്ത 16-ാം നൂറ്റാണ്ടിലെ ബാബറി മസ്ജിദിന്റെ കാര്യത്തില്‍ മാത്രമായിരുന്നു. 2019ല്‍ മോസ്ക് പണിയാൻ പകരം ഭൂമി കൊടുക്കണമെന്ന നിര്‍ദ്ദേശത്തോടെ ഈ ഭൂമി രാമക്ഷേത്രം പണിയാൻ സുപ്രിംകോടതി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

Eng­lish Sum­mery: Mathu­ra Court Orders Sur­vey Of Shahi Idgah Mosque After Jan­u­ary 2
You May Also Like This Video

Exit mobile version