മൗനം എനിക്ക് ഇഷ്ടമായിരുന്നു
അതിനുള്ളിലെ ധ്യാനത്തിന്റെ
ധൂപസുഗന്ധം
നിശബ്ദസംഗീതം
പ്രാർത്ഥനാദീപ്തി
പ്രതിരോധവീര്യം
തീരാത്ത സ്വയംതേടലും
നിന്റെ മൗനത്തിൽ നിന്നും
ഒരു കുറുക്കൻവാൽ
പുറത്തേക്കു നീണ്ടുകിടക്കുന്നത്
കണ്ണിൽപ്പെടും വരെ
ഒരു കഠാരയുടെ വായ്ത്തലത്തിളക്കം
മിന്നിമായും വരെ
പുകമഞ്ഞിൽ ഡ്രാക്കുളക്കോട്ട
പടുതി കാട്ടുംവരെ
നിന്റെ മൗനത്തിനുള്ളിൽ നിന്നും
പൂതലിച്ച ഏതോ പ്രേതാത്മാവിന്റെ
ജീർണ്ണഗന്ധം
ബോധം കെടുത്തുംവരെ