Site iconSite icon Janayugom Online

സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം; മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പട്ടയം

ഇടുക്കി ജില്ലാ പട്ടയമേളയിൽ നിന്നും ലഭിച്ച പട്ടയവുമായി വെള്ളാപാറക്കൽ തങ്കപ്പൻ

30 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഏഴു കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു.
ഉടുമ്പൻചോല താലൂക്കിലെ രാജാക്കാട് വില്ലേജിലെ 7 കുടുംബങ്ങളാണ് നിറപുഞ്ചിരിയുമായി ഇടുക്കി ജില്ലാതല പട്ടയമേളയിൽ നിന്നും മടങ്ങിയത്. മൂന്ന് പതിറ്റാണ്ട് മുമ്പ് പൂർവികർ വാങ്ങുകയും പിന്നീട് പാരമ്പര്യമായി കൈമാറി വരുകയും ചെയ്ത ഭൂമിക്ക് പട്ടയം ലഭിക്കാതെ വന്നതോടെ അത്യാവശ്യ ഘട്ടങ്ങളിൽ ഭൂമിക്ക് വായ്പ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് ദുരിതത്തിലായിരുന്നു ഈ കുടുംബങ്ങൾ.
പട്ടയം ലഭിക്കാത്തതിനാൽ ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളും സാധ്യമായിരുന്നില്ല. ഒടുവിൽ സർക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആധികാരിക രേഖകളോടെ പട്ടയം അനുവദിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബങ്ങൾ. ഈ കുടുംബങ്ങളിലെ മുതിർന്ന അംഗവും 80 കാരനുമായ വെള്ളാപ്പാറയ്ക്കൽ തങ്കപ്പന് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങുക എന്ന വലിയ സ്വപനത്തിനാണ് ഇതോടെ ചിറക് മുളച്ചത്. 10 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി വർഷങ്ങളായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു അദ്ദേഹം. ഇനി സ്വന്തം പേരിൽ ലഭിച്ച മണ്ണിൽ ഭാര്യ കമലയുമായി ജീവിക്കാമല്ലോ എന്ന സന്തോഷം പട്ടയമേളയിൽ നിന്നിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു. വർധക്യത്തിലും അടി പതറാതെ പട്ടയത്തിനായി പോരാടിയ തങ്കപ്പനെ പോലുള്ള നിരവധിപേരുടെ ആഗ്രഹമാണ് സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിലൂടെ പൂവണിയുന്നത്.
വെട്ടുകല്ലുമാക്കൽ സുനി സാബു, ചെമ്പൻപുരയിടത്തിൽ സിനോ മണി, ബെന്നി പൂവത്തുങ്കൽ, ഷിബി വാഴേക്കുടിയിൽ, മണി ജയകുമാർ, നീതു അജേഷ് മാന്താനത്ത് എന്നിവർക്ക് യഥാക്രമം 14,31,40, 61,14,10 സെന്റ് ഭൂമിയുടെ പട്ടയമാണ് ലഭിച്ചത്.
പട്ടയ മേളയുടെ ഉദ്ഘാടനം മന്ത്രി കെ രാജൻ ഓൺലൈനായി നിർവ്വഹിച്ചു. 1964‑ലെ ഭൂമിപതിവ് ചട്ടം പ്രകാരമുള്ള 1754 പട്ടയങ്ങൾ, 1993‑ലെ ഭൂമിപതിവ് ചട്ടപ്രകാരമുള്ള 935 പട്ടയങ്ങൾ, 1995 ലെ മുനിസിപ്പൽ ചട്ട പ്രകാരമുള്ള 15 പട്ടയങ്ങൾ, 62 ലാൻഡ് ട്രൈബ്യൂണൽ ക്രയസർട്ടിഫിക്കറ്റുകൾ, ഹൈറേഞ്ച് കോളണൈസേഷൻ സ്കീം പ്രകാരമുള്ള 4 പട്ടയങ്ങൾ, 18 വനാവകാശ രേഖകൾ എന്നിങ്ങനെ 2788 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്.

eng­lish sum­ma­ry; May end up in one’s own land; Pat­tayam after wait­ing for three decades
you may also like this video;

Exit mobile version