Site iconSite icon Janayugom Online

അനർഹരെ കുടുക്കി ‘ഓപ്പറേഷൻ യെല്ലോ’; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചതിന് പിഴയടച്ചത് നിരവധിപേര്‍

മുൻഗണനാ റേഷൻ കാർഡുകൾ അനധികൃതമായി കൈവശം വച്ചതിന് സംസ്ഥാനത്ത് 2021 മേയ് മുതൽ 2023 ആഗസ്റ്റ് വരെ പിഴ ഈടാക്കിയത് 5,21,48,697 രൂപ. അനർഹരെ കണ്ടെത്താൻ 2022 സെപ്തംബർ മുതൽ ഡിസംബർ വരെ നടത്തിയ ‘ഓപ്പറേഷൻ യെല്ലോ” പരിശോധനയിൽ 4.19 കോടിയും പിഴയിട്ടിരുന്നു. അനർഹരെ കണ്ടെത്താൻ വ്യാപക പരിശോധനയാണ് നടക്കുന്നത്. ജില്ലയിൽ 17,57,857 രൂപയാണ് പിഴ ഈടാക്കിയത്. പരാതികളുടെ അടിസ്ഥാനത്തിലും പരിശോധനകളിൽ കണ്ടെത്തിയവരിലും റേഷൻ വാങ്ങാത്തവരിലും നിന്നാണ് പിഴ ഈടാക്കിയത്. മുൻഗണനാ വിഭാഗത്തിൽ മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്ത 59,406 റേഷൻ കാർഡുകളാണ് പൊതുവിഭാഗത്തിലേക്ക് തരം മാറ്റിയത്. പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിൽ 48,691 കാർഡുകളും എഎവൈ (മഞ്ഞ) വിഭാഗത്തിൽ 6,448 കാർഡുകളും എൻപിഎസ് (നീല) വിഭാഗത്തിൽ 4,267 കാർഡുകളും. 

2021 മേയ് മുതലാണ് സംസ്ഥാന വ്യാപകമായുള്ള നടപടി ആരംഭിച്ചത്. പിടികൂടുന്നവരിൽ നിന്ന് അതുവരെ വാങ്ങിയ റേഷൻ ഉത്പന്നങ്ങളുടെ പൊതുവിപണി വിലയാണ് ഈടാക്കുന്നത്. അനർഹരെ സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കാവുന്നതാണ്. വാട്സാപ്പ് നമ്പർ- 9188527301, ടോൾഫ്രീ: 1967. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുള്ളവർ, നാലു ചക്രവാഹനം സ്വന്തമായുള്ളവർ, 25,000 രൂപയിലധികം മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ എന്നിവർക്കെതിരെയായിരിക്കും നടപടി ഉണ്ടാകുന്നത്. 

ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് തൃശൂരിലാണ്. 1,33,66,752 രൂപ. കോട്ടയത്താണ് ഏറ്റവും കുറവ് ഈടാക്കിയത്. 2,13,278 രൂപ. മലപ്പുറം- 1,17,81,939, എറണാകുളം- 72,88,429, പാലക്കാട്- 54,24,821, കണ്ണൂർ- 32,31,859, പത്തനംതിട്ട- 30,00,704, തിരുവനന്തപുരം- 18,05,599, കോഴിക്കോട്- 16,62,857, വയനാട്- 9,70,524, കൊല്ലം- 6,87,568, കാസർകോട്- 5,04,168, ഇടുക്കി- 4,52,342 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. 

Eng­lish Sum­ma­ry: may slapped fine on Oper­a­tion Yellow 

You may also like this video

Exit mobile version