Site iconSite icon Janayugom Online

പശ്ചിമ ബംഗാളിൽ എം ബി ബി എസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. ദുർഗാപൂരിലെ ഐ ക്യു സിറ്റി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം പുറത്തുപോയി തിരികെയെത്തിയ വിദ്യാർത്ഥിനിയെ കോളേജ് ഗേറ്റിന് സമീപത്ത് വെച്ച് അക്രമിസംഘം തടഞ്ഞുനിർത്തുകയും, കോളജിന് സമീപത്തുള്ള വിജനമായ സ്ഥലത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

സംഭവം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിപ്പോയെന്നും, ആക്രമണത്തിൽ അയാൾക്ക് പങ്കുണ്ടെന്നും പെൺകുട്ടിയുടെ കുടുംബം ആരോപണമുന്നയിച്ചിട്ടുണ്ട്. കൂടാതെ, മകളെ തെറ്റിദ്ധരിപ്പിച്ചാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും അക്രമിസംഘം മകളുടെ മൊബൈൽ ഫോണും കയ്യിലുണ്ടായിരുന്ന 5,000 രൂപയും കവർന്നെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ദുർഗാപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, പെൺകുട്ടിയുടെ സുഹൃത്തിനെ ഉൾപ്പെടെ ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് കോളേജിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ പെൺകുട്ടിയേയും മാതാപിതാക്കളെയും സന്ദർശിക്കുമെന്നും പി ടി ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. “ബംഗാളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നു. ഇത്തരം കേസുകളിൽ പൊലീസ് മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തത് നിർഭാഗ്യകരമാണ്. കുറ്റകൃത്യങ്ങൾ തടയാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്,” എൻ സി ഡബ്ല്യു അംഗം അർച്ചന മജുംദാർ പ്രതികരിച്ചു.

Exit mobile version