താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത് വിൽപന നടത്തിയ എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ. രണ്ട് കേസുകളിലായി അഞ്ച് മെഡിക്കൽ വിദ്യാർഥികളെയാണ് ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) കേരളത്തിലെ ഇടുക്കി സ്വദേശി വിനോദ് കുമാർ (27), തമിഴ്‌നാട് ധർമപുരി സ്വദേശി പാണ്ടിദൊറൈ (27) എന്നിവരാണ് കഞ്ചാവ് കൃഷി ചെയ്ത് വിൽപന നടത്തിയതിന് പിടിയിലായത്. നഗരത്തിലെ സുബ്ബയ്യ മെഡിക്കൽ കോളേജിന് സമീപമുള്ള ശിവഗംഗ ലേഔട്ടിലെ വാടക വീട്ടിലാണ് ഇവർ കഞ്ചാവ് കൃഷി ചെയ്തത്.
വെള്ളിയാഴ്ച പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 227 ഗ്രാം ഉണങ്ങിയ കഞ്ചാവ്, 1.5 കിലോ ഫ്രഷ് കഞ്ചാവ്, 10 ഗ്രാം ചരസ്, കഞ്ചാവ് വിത്തുകൾ, ആറ് ടേബിൾ ഫാനുകൾ, രണ്ട് സ്റ്റെബിലൈസറുകൾ, മൂന്ന് എൽഇഡി ലൈറ്റുകൾ, ഹുക്ക പൈപ്പുകൾ, പാത്രങ്ങൾ, 19,000 രൂപ എന്നിവയും പിടിച്ചെടുത്തു. മറ്റൊരു കേസിൽ മെഡിക്കൽ വിദ്യാർഥികളായ അബ്ദുൾ ഖയ്യൂം (25), അർപിത (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നഗരത്തിലെ ഹാലെ ഗുരുപുരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. 466 ഗ്രാം കഞ്ചാവും മറ്റ് നിരോധിത വസ്തുക്കളും ഇവരിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. നാട്ടുകാർക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.
english summary;MBBS students were arrested for growing cannabis and selling it at their residence
you may also like this video;