ബാംഗ്ലൂരിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കാൻ സഹായിക്കുന്ന മുഖ്യപ്രതിയെ ബാംഗ്ലൂരിൽ നിന്നും പാറശ്ശാല പൊലീസ് പിടികൂടി.
അങ്കമാലി സ്വദേശിയും ബാംഗ്ലൂരിൽ മഞ്ജുശ്രീ നഴ്സിംഗ് കോളേജിൽ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയുമായ ഡെന്നി ജോസ് 21 നെയാണ് ബാംഗ്ലൂരിൽ നിന്നും പാറശ്ശാല പൊലീസ് അതിസാഹസ്യമായി പിടികൂടിയത്.
ഈ മാസം ഒൻപതിന് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ യുമായി പാറശ്ശാലയിൽ എത്തിയ നെയ്യാറ്റിൻകര, വെൺപകൽ സ്വദേശിയായ ശ്യാമിനെ പാറശ്ശാല പൊലീസും, ഡാൻസ് ഓഫ് സംഘവും പിടികൂടിയിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നതിന് ബാംഗ്ലൂരിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവന്ന ഡെന്നി ജോസിനെ കുറിച്ച് വിവരം പൊലീസിന് കിട്ടിയത്.
കേരളത്തിൽ നിന്നും എംഡി എം എ വാങ്ങാൻ ബാംഗ്ലൂരിൽ എത്തുന്നവർക്ക് എംഡിഎംഎ വാങ്ങി നൽകുന്നതാണ് ഡെന്നി ജോസിന്റെ ജോലി
ഇയാളുടെ പേര് വിവരങ്ങൾ പുറത്തു വരാതിരിക്കാനുള്ള ശ്രമവും പ്രതി നടത്തിയിരുന്നു. പാറശ്ശാല എസ് ഐ ദീപു എസ്സ്. എസ്സിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരാഴ്ചയോളം ബാംഗ്ലൂരിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേരളത്തിൽ നിന്നുളള ചിലർ ബാംഗ്ലൂരിൽ എംഡി എം എ വാങ്ങുന്നതിന് വേണ്ടി ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. തുടർ അന്വേഷണം അവരിലേക്ക് ആണെന്നും പാറശ്ശാല എസ്ഐ അറിയിച്ചു.

