രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മൊത്തവില്പനക്കാരായ ടാൻസാനിയൻ സ്വദേശികളെ പഞ്ചാബിലെത്തി പിടികൂടി കോഴിക്കോട് കുന്ദമംഗലം പൊലീസ്. ഡേവിഡ് എന്റ്മി, അത്ക ഹറൂണ എന്നിവരാണ് പിടിയിലായത്. പഞ്ചാബിലെ ഫഗ്‍വാര ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ്, ബിബിഎ വിദ്യാർത്ഥികളാണ് ഇവർ. മയക്കുമരുന്നുമായി പിടിയിലായ മലയാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ടാൻസാനിയൻ സ്വദേശികൾ വലയിലായത്. ജനുവരി 21നാണ് കാസർകോട് സ്വദേശി മഞ്ചേശ്വരം ബായാർപദവ് ഹൗസിൽ ഇബ്രാഹിം മുസമ്മിൽ (27), കോഴിക്കോട് സ്വദേശി വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് എന്നിവർ 227 ഗ്രാം എംഡിഎംഎയുമായി പിടിയിലാകുന്നത്. ഫെബ്രുവരി നാലിന് തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിച്ച് ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ പരിശോധന നടത്തിയപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് കൂട്ടുപ്രതിയായ ഫാമിൽ അഹമ്മദിനെ മൈസൂർ വൃന്ദാവൻ ഗാർഡന് സമീപത്തുള്ള ഹോട്ടലിൽ വച്ച് കസ്റ്റഡിയിലെടുത്തു.
ഇവരുടെ മുൻകാല പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് വലിയ തുക ഡേവിഡ് എന്റ്മി എന്നയാളുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്ന് വ്യക്തമായത്. ഈ പണം അത്ക ഹറൂണ എന്ന യുവതിയുടെ അക്കൗണ്ട് വഴി നോയിഡയിൽ വച്ച് പിൻവലിച്ചതായും കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ പഞ്ചാബിലെ ഫഗ്‍വാരയിലാണെന്ന് മനസിലാക്കുകയും അന്വേഷണ സംഘം ഇവർ പഠിക്കുന്ന കോളജിനടുത്തുള്ള വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. മെഡിക്കൽ കോളജ് അസി. കമ്മിഷണർ ഉമേഷ് എയുടെ നേതൃത്വത്തിൽ കുന്ദമംഗലം എസ്എച്ച്ഒ കിരൺ, എസ് ഐ നിധിൻ, എസ് സിപിഒമാരായ ബൈജു, അജീഷ് താമരശേരി, വിജേഷ് പുല്ലാളൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

