തടവുകാരിൽ അഞ്ചാംപനി സ്ഥിരീകരിച്ചതിനെത്തുടർന്ന്, സൗത്ത് ടെക്സസിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ( ഡിഎച്ച്എസ് ) ഉത്തരവിട്ടു. ഡില്ലി ഇമിഗ്രേഷൻ പ്രോസസിങ് സെന്ററിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ തടവുകാർക്കും ഉചിതമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നവരെ ക്വാറന്റെെന്‍ ചെയ്തിട്ടുണ്ടെന്നും ഡിഎച്ച്എസ് അറിയിച്ചു. 2025ൽ 762 അഞ്ചാംപനി കേസുകളായി ടെക്സസില്‍ രേഖപ്പെടുത്തിയത്.
വൈറസ് ബാധിക്കുന്നവരിൽ അഞ്ചിലൊന്ന് പേർക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമാണ്, കൂടാതെ രോഗബാധിതരായ ഓരോ 1,000 കുട്ടികളിൽ 1 മുതൽ 3 വരെ പേർ ശ്വസന അല്ലെങ്കിൽ നാഡീസംബന്ധമായ പ്രശ്നങ്ങൾ മൂലം മരിക്കുന്നു. ഗവർണർ ഗ്രെഗ് അബോട്ട് ഉൾപ്പെടെയുള്ള ടെക്സസിലെ അധികാരികൾ ഈ പകർച്ചവ്യാധിയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടെക്സസിലെ പകർച്ചവ്യാധി ഓഗസ്റ്റിൽ അവസാനിച്ചതായി പ്രഖ്യാപിച്ചെങ്കിലും, തടങ്കൽ കേന്ദ്രങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പൊതുജനാരോഗ്യ ആശങ്കകൾക്ക് വീണ്ടും തിരികൊളുത്തി. 1400 കുടിയേറ്റക്കാരണ് ഡില്ലി സെന്ററിലുള്ളത്.
ഇതില്‍ 400 പേർ പ്രായപൂർത്തിയാകാത്തവരാണ്. തടങ്കല്‍ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് അഭിഭാഷകനായ എറിക് ലീ വെളിപ്പെടുത്തിയിരുന്നു. മലിനജലമാണ് കുടിക്കാന്‍ നല്‍കുന്നത്. പ്രാണികൾ, അഴുക്ക്, അവശിഷ്ടങ്ങൾ എന്നിവ കാരണം ആഹാരം ഭക്ഷ്യയോഗ്യമല്ല. കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഗാർഡുകൾ തടവുകാരോട് ക്രൂരമായാണ് പെരുമാറുന്നതെന്നും എറിക് ലീ പറഞ്ഞു. കുടിയേറ്റ കുടുംബങ്ങളെ തടങ്കലിൽ വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറോളം പേർ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിന് ഒരു ദിവസത്തിന് ശേഷമാണ് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തത്.

