Site iconSite icon Janayugom Online

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരം

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരമായി പൂർത്തിയാക്കി. പക്ഷാഘാതം ബാധിച്ച തിരുവനന്തപുരം സ്വദേശിയായ 70കാരനിലാണ് മെക്കാനിക്കൽ ത്രോമ്പക്ടമിയിലൂടെ രക്തക്കുഴലിലെ വലിയ ബ്ലോക്ക് നീക്കിയത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങള്‍ ചെലവുള്ള ചികിത്സാരീതിയാണിത്. രോഗി സുഖം പ്രാപിച്ചു വരുന്നു. 

കഴിഞ്ഞ ദിവസമാണ് കൈകാലുകൾക്ക് സ്വാധീനക്കുറവുമായി 70 വയസുകാരനെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിൽ സ്ട്രോക്ക് ആണെന്ന് കണ്ടെത്തി. ഉടൻ തന്നെ വിദഗ്ധ പരിശോധന നടത്തി കട്ടപിടിച്ച രക്തം അലിയിച്ച് കളയാനുള്ള ഐവി ത്രോംബോലൈസിസ് ചികിത്സ നൽകി. അതിന് ശേഷം വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാനായി മെക്കാനിക്കൽ ത്രോമ്പക്ടമി ചികിത്സ നടത്തുകയായിരുന്നു. ഇമറിറ്റസ് പ്രൊഫസര്‍ ഡോ. തോമസ് ഐപ്പ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ചിത്ര, ഡോ. റാംമോഹൻ, ഡോ. സുനിൽ ഡി, ഡോ. ആർ ദിലീപ്, ഡോ. പ്രവീൺ പണിക്കർ, ഡോ. രമ്യ പി, ഡോ. വിനീത വി എസ് എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. മെക്കാനിക്കൽ ത്രോമ്പക്ടമി നടത്തിയ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് സെന്ററിന്റേയും സ്ട്രോക്ക് കാത്ത് ലാബിന്റേയും നോഡൽ ഓഫിസറായ ഡോ. ആർ ദിലീപിന്റെ നേതൃത്വത്തിലുള്ള ടീമിൽ ഡോ. അനന്തപത്മനാഭൻ, ഡോ. ടോണി, ഡോ. നിഖില, ജിത, വിഷ്ണു, ജയകൃഷ്ണ എന്നിവരുള്‍പ്പെട്ടിരുന്നു. മെഡിക്കൽ കോളജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

Exit mobile version