Site iconSite icon Janayugom Online

മീഡിയ പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് മരിയം ഔഡ്രാഗോയ്ക്ക്

കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ അവാർഡിന് ആഫ്രിക്കൻ മാധ്യമ പ്രവർത്തക മരിയം ഔഡ്രാഗോയെ തെരഞ്ഞെടുത്തതായി അക്കാദമി ചെയർമാൻ ആർ എസ് ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമം നടത്തുന്നവർക്കെതിരെയുള്ള റിപ്പോർട്ടുകൾ നിരന്തരം പ്രസിദ്ധീകരിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയ മാധ്യമ പ്രവർത്തകയാണ് മരിയം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് അടുത്ത മാസം സമ്മാനിക്കും. 

കേരളത്തിലെ ഏറ്റവും മികച്ച കലാലയ മാഗസിനുകൾക്കുളള പുരസ്കാരങ്ങൾ അഞ്ച് കലാലയങ്ങൾക്ക് സമ്മാനിക്കും. ഒന്നാം സ്ഥാനം പാലക്കാട് വിക്ടോറിയ കോളജിന്റെ ‘തുരുത്ത്’ എന്ന മാസികയ്ക്കാണ്. മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനം രണ്ട് കോളജുകൾ വീതം പങ്കിട്ടു. എറണാകുളം ഗവ. ലോ കോളജ് മാഗസിൻ ‘പറ്റലർ’, മലപ്പുറം കോട്ടയ്ക്കൽ വിപിഎസ്‌വി ആയുർവേദ കോളജ് മാഗസിൻ ‘ചെലപ്പധികാരം’ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് നൽകുക. 

കോഴിക്കോട് ജെഡിടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആന്റ് സയൻസ് മാഗസിൻ ‘ഫുർഖത്’, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് മാഗസിൻ ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്’ എന്നീ മാസികകൾക്കാണ് മൂന്നാം സ്ഥാനം. 10,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം. കെ വി മോഹൻകുമാർ, ഡോ. എ ജി ഒലീന, ജി ആർ ഇന്ദുഗോപൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാരം നിർണയിച്ചത്. 

Exit mobile version