എല്‍ഡിഎഫ് വികസന ജാഥകള്‍ പൊതുസമൂഹത്തില്‍ ഇളക്കമുണ്ടാക്കിയിട്ടില്ലെന്ന് സിപിഐ സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും വിലയിരുത്തി എന്നതരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മൂന്ന് ജാഥകളും വമ്പിച്ച വിജയമായിരുന്നു. സിപിഐ വാര്‍ത്തകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ ആശ്രയിക്കുന്ന ഉറവിടങ്ങള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്ത തരുന്ന ഉറവിടങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിങ്ങളുടെ വിശ്യാസ്യതയ്ക്ക് അവര്‍ കളങ്കമുണ്ടാക്കുകയാണ്. എല്ലാ ജാഥകളും സമ്പൂര്‍ണ വിജയമായിരുന്നു. ജാഥയില്‍ ഞങ്ങള്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയമല്ലാത്ത ഒന്നും എല്‍ഡിഎഫ് പറഞ്ഞിട്ടില്ല. എല്‍ഡിഎഫ് രാഷ്ട്രീയം ഞങ്ങള്‍ ഒന്നാന്തരമായി പറയും. അതിന് ജനങ്ങള്‍ പിന്തുണ നല്‍കുകയും ചെയ്തു. ഇതാണ് ജാഥ നല്‍കിയ അനുഭവമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്ലാ സ്ഥലങ്ങളിലുമായി ദശലക്ഷക്കണക്കിന് ആളുകളുമായി സംവദിച്ചു. എല്ലാ വിഭാഗം ആളുകളുമായി മുഖാമുഖവും നടത്തി. അവര്‍ മുന്നോട്ടുവച്ച ആശയം സൃഷ്ടിപരമായിരുന്നു. തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കാന്‍ പോകുന്ന പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കഴമ്പുള്ള നിര്‍ദേശങ്ങളും മുഖാമുഖത്തില്‍ ഉയര്‍ന്നുവന്നു. മൂന്നു മേഖലകളായി ജാഥകള്‍ നടത്തിയത് വിഷയത്തെ ജനകീയമായി സമീപിക്കാനും ഘടക കക്ഷികളെ പൂര്‍ണമായി പങ്കെടുപ്പിക്കാനും വേണ്ടിയായിരുന്നുവെന്ന് തെക്കന്‍മേഖലാ ജാഥാ ക്യാപ്റ്റന്‍ എന്ന നിലയില്‍ തനിക്ക് പറയാന്‍ കഴിയും.
എൽഡിഎഫിന് രാഷ്ട്രീയവും ശക്തമായ സംഘടനയും ഉണ്ട്. ഏതുതലത്തിലായാലും തോൽവി പുത്തരിയല്ല. തോറ്റാൽ ഉടൻ മാളത്തിൽ ഒളിച്ചോടുന്നവരല്ല ഇടതുപക്ഷം. തോൽവി, തോൽവിയാണ്. അതില്‍ നിന്ന് പാഠം പഠിച്ച് മുന്നോട്ടു പോകണം. പിഎം ശ്രി എന്ന പദ്ധതി കേരളത്തിൽ കഴിഞ്ഞുവെന്നും എൽഡിഎഫ് ഇത് നടപ്പാക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു.

