രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും നിലനിന്നാൽ മാത്രമേ മാധ്യമ സ്വാതന്ത്ര്യം സാധ്യമാവുകയുള്ളൂവെന്നും എന്നാൽ ചില മാധ്യമങ്ങൾ ആ ആപത്ത് ഇപ്പോഴും തിരിച്ചറിയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശാഭിമാനിയുടെ എൺപതാം വാർഷികാഘോഷപരിപാടികൾ കോഴിക്കോട് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭരണഘടനയെ തകർക്കാനുള്ള നീക്കങ്ങൾ ഒരു ഭാഗത്ത് ശക്തമായി നടക്കുകയാണ്. ഇതിനെതിരെ കാവലാളാവുക എന്ന ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്. ഇടതുപക്ഷ മാധ്യമങ്ങളുടെ ഏറ്റവും പ്രധാന ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയെ ഇല്ലാതാക്കി ജനങ്ങളെ വർഗ്ഗീയമായി ഭിന്നിപ്പിച്ചു ഭരിക്കുന്ന കേന്ദ്രസർക്കാരിന് ബദലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാര്‍. ബിജെപി നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണകൂടത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ നയപരിപാടികളാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. ഈ സർക്കാർ സംരക്ഷിക്കപ്പെടണം. ദേശാഭിമാനി അടക്കമുള്ള ഇടതുപക്ഷ പത്രങ്ങൾക്ക് ഇന്നത്തെ ദേശീയ സാഹചര്യത്തിൽ നിർവഹിക്കാനുള്ള ചുമതലകൾ വർധിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജ്ഞാനപീഠജേതാവ് എം ടി വാസുദേവൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി പി വത്സല, ടി പി രാമകൃഷ്ണൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍, ജോൺ ബ്രിട്ടാസ് എംപി, വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ, ശീതള്‍ ശ്യാം, സ്വാഗതസംഘം ചെയർമാൻ പി മോഹനൻ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.
English Summary: Media should be the guardian of the Constitution: Chief Minister Pinarayi Vijayan
You may like this video also