ഇത്രയധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഉക്രെയ്‌നില്‍ പഠിക്കാൻ പോയിരുന്നു എന്ന വിവരം പലരും അറിയുന്നത് റഷ്യ- ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷമാണ്. സ്ക്കൂളിൽ പഠിക്കുന്ന മക്കളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഏതൊരു രക്ഷാകർത്താവിന്റെയും ആദ്യ പ്രതികരണവും പ്രതീക്ഷയും അവനെ/അവളെ ഒരു ഡോക്ടർ ആയി കാണണമെന്നതായിരിക്കും. ഡോക്ടർ ആകാൻ കഴിഞ്ഞില്ലെങ്കിൽ എന്‍ജിനീയർ. അതിൽ തന്നെ ഐടി ഇല്ലെങ്കിൽ മറ്റേതെങ്കിലും. അതും കഴിഞ്ഞില്ലെങ്കിൽ നിയമബിരുദം. അല്ലെങ്കിൽ ബിഎഡ്. ഇതിനൊന്നും കഴിഞ്ഞില്ലെങ്കിൽ ഗ്രാജ്വേഷൻ കഴിഞ്ഞ് പോസ്റ്റ് ഗ്രാജ്വേഷൻ. ഇങ്ങനെ പോകുന്നു രക്ഷാകർത്താക്കളുടെ മനോഭാവം. കിടപ്പാടം പണയപ്പെടുത്തിയും എംബിബിഎസിന് പഠിക്കാൻ പോകുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടിക്കൂടി വരികയുമാണ്. ഇന്ത്യൻ വിദ്യാർത്ഥികളിൽ അഥവാ രക്ഷാകർത്താക്കളിൽ മെഡിസിനു പഠിക്കുന്നതിനുള്ള താല്പര്യം യഥാർത്ഥത്തിൽ ആതുര സേവനത്തോടുള്ള ആഭിമുഖ്യം കൊണ്ടുണ്ടായതല്ല. ഒരു ചെറിയ ശതമാനം മാത്രമായിരിക്കും മെഡിക്കൽ വിദ്യാഭ്യാസത്തെ ആ നിലയിൽ കാണുന്നത്. ഇന്ന് നല്ലൊരു ശതമാനം രക്ഷാകർത്താക്കളും അത് സമൂഹത്തിലെ സ്റ്റാറ്റസിന്റെ അളവുകോലായി കാണുന്നു എന്നതാണ് വാസ്തവം. എംബിബിഎസിന് അഡ്മിഷൻ കിട്ടിയില്ലെങ്കിൽ ദന്തൽ കോളജിലായാലും മതിയെന്ന് തൃപ്തിയടയുന്നവരുമുണ്ട്. മുതലാളിത്ത സാമൂഹ്യക്രമം സംഭാവന ചെയ്ത ഉപഭോഗ സംസ്കാരത്തോടുള്ള അമിതാസക്തി പലരെയും പല രീതിയിലാണ് സ്വാധീനിക്കുന്നത്. അതുകൊണ്ടാണ് ബാങ്കുകളിൽ നിന്നും വൻ തുക കടമെടുത്തും ആഡംബര വീടുകൾ പണിയുന്നതും കയ്യിലൊതുങ്ങാത്ത വിദ്യാഭ്യാസ ചെലവുകൾക്ക് പണം കണ്ടെത്തുന്നതും. എന്നിരുന്നാലും ഒരു സത്യം നമുക്ക് അംഗീകരിക്കേണ്ടതായിട്ടുണ്ട്. വിദ്യാഭ്യാസ കാര്യത്തിൽ ഇനി ഒരു തിരിച്ചു പോക്ക് സാധ്യമല്ല. ഇന്ത്യയിൽ ഇന്ന് ഒരു വർഷം 18 ലക്ഷത്തോളം വിദ്യാർത്ഥികൾ നീറ്റ് (നാഷണൽ എലിജിബിലിറ്റി ആന്റ് എൻട്രൻസ് ടെസ്റ്റ്) പരീക്ഷയ്ക്ക് ഹാജരാവുന്നു. അതിൽ ഏകദേശം 8,70,000 വിദ്യാർത്ഥികൾ യോഗ്യത നേടുന്നു. പക്ഷെ അവർക്കു വേണ്ടി ഇന്ത്യയിൽ ആകെയുള്ളത് ഈ വർഷം 92,065 സീറ്റുകളാണെന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രി നൽകിയ ഉത്തരത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. യോഗ്യത നേടിയ ബാക്കി ഏഴു ലക്ഷത്തിലധികം വിദ്യാർത്ഥികൾ എന്തു ചെയ്യും.
ഇതുകൂടി വായിക്കാം; അന്ത്യം കാണാനാവാതെ തുടരുന്ന റഷ്യ- ഉക്രെയ്ന്‍ പ്രതിസന്ധി
ആകെയുള്ള 606 മെഡിക്കൽ കോളജുകൾക്ക് (2022 ലെ കണക്ക്) ഇതിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുമോ എന്നറിയില്ല. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സീറ്റുകൾ ഇന്ത്യയിൽ പരിമിതമാകുമ്പോൾ അവർ വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയാണ്. അവരെ അല്ലെങ്കിൽ അവരുടെ രക്ഷാകർത്താക്കളെ സ്വാധീനിയ്ക്കാൻ ധാരാളം ഏജൻസികളും ഇന്ന് രാജ്യത്തുണ്ട്. റഷ്യ, ചൈന, ഉക്രെയ്ൻ, ജോർജിയ, ഖസാക്കിസ്ഥാൻ, അസർബൈജാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി പോകുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മെഡിക്കൽ വിദ്യാഭ്യാസത്തെ താരതമ്യേന അപ്രാപ്യമാക്കുന്നത് ഭാരിച്ച ചെലവാണ്. അവിടെ ഉയർന്ന ഫീസും ജീവിതച്ചെലവും കുറച്ചുകൂടി ഭാരമേറിയതാണ്. ചൈനയിൽ മാത്രം 23,000 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് എന്നത് കോവിഡ് വ്യാപനം നൽകിയ ഒരറിവായിരുന്നുവെങ്കിൽ ഉക്രെയ്‌നിൽ 15,000 ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനുണ്ട് എന്നത് യുദ്ധം നൽകിയ വിവരമാണ്. യുക്രൈനിലെ കർക്കീവിലെ മൂന്ന് മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ മാത്രം മൂവായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്നു. റഷ്യയിലും നേപ്പാളിലും പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിലെല്ലാമായി എത്രമാത്രം സമ്പത്താണ് ഇന്ത്യൻ വിദ്യാർത്ഥികൾ ചെലവാക്കുന്നത്? ഈ പണം ഇന്ത്യയിൽ തന്നെ ചെലവാക്കാൻ കഴിയുന്ന നിലയിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തെ വിപുലപ്പെടുത്താൻ നമുക്ക് കഴിയില്ലേ? മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ മന്ത്രാലയവും ഗൗരവമായി ആലോചിച്ച് ഇതിന് പരിഹാരം കാണേണ്ടതാണ്. പല പ്രൈവറ്റ് മെഡിക്കൽ കോളജുകളിലും വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്ന ഫീസിന്റെ ഭാരവും കുറയ്ക്കണം. കൂടുതൽ ഗവണ്മെന്റ് മെഡിക്കൽ കോളജുകൾ ആരംഭിയ്ക്കുകയാണാവശ്യം. വിദ്യാഭ്യാസമേഖലയ്ക്ക് ഗവണ്മെന്റ് കൂടുതൽ ബജറ്റുവിഹിതം നീക്കിവയ്ക്കുകയും പണം നിക്ഷേപിക്കുകയും ചെയ്യണം. ചെലവു കുറഞ്ഞ മെഡിക്കൽ വിദ്യാഭ്യാസത്തിലൂടെ എംബിബിഎസ് നേടിക്കഴിഞ്ഞാൽ അവരുടെ സേവനം നമ്മുടെ രാജ്യത്തിനു തന്നെ ലഭിയ്ക്കുമെന്ന് ഉറപ്പാക്കുകയും വേണം.
ഇതുകൂടി വായിക്കാം; ഭാഷയും കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും
26,000 ഇന്ത്യൻ ഡോക്ടർമാർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അമേരിക്കയിലും ഇംഗ്ലണ്ടിലും മെഡിക്കൽ വിദ്യാഭ്യാസത്തിനായി അധികം ആളുകൾ പോകുന്നില്ലെങ്കിലും ഇവിടെ നിന്നും പഠിച്ച് ഡോക്ടറായി സേവനം അനുഷ്ഠിക്കാൻ ആ പാശ്ചാത്യ രാജ്യങ്ങളിൽ പോകുന്നവർ നിരവധിയാണ്. ഇതും നിയന്ത്രിക്കപ്പെടേണ്ടതാണ്. റഷ്യ‑ഉക്രെയ്ൻ യുദ്ധം കാരണം ജീവൻ നഷ്ടപ്പെട്ട നവീൻ എന്ന കർണാടക വിദ്യാർത്ഥിയുടെയും അവന്റെ കൂട്ടുകാരുടേയും രക്ഷിതാക്കളുടെ കണ്ണീർ ഇന്ത്യാ ഗവണ്മെന്റിന്റെയും സംസ്ഥാന ഗവണ്മെന്റുകളുടെയും മുന്നിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. അവിടെ പഠിക്കാൻ പോയ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി എന്താണ്? അവർക്ക് എങ്ങനെയാണ് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയുന്നത്? ഉത്തരം കണ്ടെത്തിയേ മതിയാകൂ. ഉക്രെയ്ൻ യുദ്ധം അവസാനിച്ചാലും അമേരിക്കയുടെ നേതൃത്വത്തിലുള്ള ‘നാറ്റോ’ സഖ്യം അവരുടെ അംഗസംഖ്യ വിപുലപ്പെടുത്താനായി പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെയും നാറ്റോ സഖ്യത്തിൽ ചേർക്കുന്നതിന് പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും കരിങ്കടൽ, ബാൾട്ടിക് കടൽ പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതുകൊണ്ടും റഷ്യക്ക് അവരുടെ ആഭ്യന്തര സുരക്ഷിതത്വത്തിൽ ആശങ്കകളുണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ടുള്ള ചെറുത്തു നില്പുകൾ സ്വാഭാവികവുമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെങ്കിലും ഇന്ത്യയിലെ വിവിധ ഗവണ്മെന്റുകൾ സാഹചര്യങ്ങൾക്കനുസരിച്ച് ഉയർന്നു പ്രവർത്തിച്ചില്ലെങ്കിൽ ബോംബുകൾ വർഷിക്കുമ്പോഴും ഏതു യുദ്ധസന്നാഹങ്ങൾക്കിടയിലും ബങ്കറുകളിൽ അഭയം തേടിയാലും കാലം, ഇന്ത്യൻ വിദ്യാർത്ഥികളെ കുറഞ്ഞ വിദ്യാഭ്യാസ ചെലവുകളുള്ള വിദേശ രാജ്യങ്ങളിലേക്ക് മാടി വിളിക്കുവാൻ നിർബന്ധിക്കും.