തൂത്തുക്കുടിയിൽ നിന്നു കൂരാച്ചുണ്ടിലെത്തിയ എട്ടംഗ മെഡിക്കൽ വിദ്യാർഥികളിൽ ഒരാൾ കരിയാത്തൻ പാറ പുഴയിൽ മുങ്ങിമരിച്ചു. കോട്ടയം പാലാ സ്വദേശി പാലത്തിങ്കച്ചാലിൽ ജേക്കബ് ജോസിന്റെ ഏക മകൻ ജോർജ് ജേക്കബ് (20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തൻപാറയിൽ മുങ്ങി കുളിക്കുന്നതിനിടെയാണ് അപകടം. സ്ഥിരം അപകട മേഖലയായ ഇവിടെ യുവാവ് കയത്തിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരെത്തി കരയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
തൂത്തുക്കുടി ഗവ. മെഡി. കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ജോർജ് ജേക്കബ്. കൂരാച്ചുണ്ട് സ്വദേശിയായ സഹപാഠിയുടെ വീട്ടിലെത്തിയ ശേഷമാണ് ഇവർ കരിയാത്തൻപാറയിലേക്ക് തിരിച്ചത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. മാതാവ്: ഷിബി തോമസ്.