Site iconSite icon Janayugom Online

മരുന്നിലും പിടിമുറുക്കി; ഇറക്കുമതിക്ക് 100 ശതമാനം തീരുവ

ഇന്ത്യക്കെതിരായ താരിഫ് ആക്രമണത്തിന്റെ ഭാഗമായി മരുന്നുകളുടെ ഇറക്കുമതിക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ വ്യാപാരത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ഈ നീക്കം സാരമായി ബാധിക്കും. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് യുഎസ് 50 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഏറ്റവുമധികം തീരുവ നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പിന്നാലെ എച്ച് വണ്‍ ബി വീസ നടപടികള്‍ക്കുള്ള ഫീസ് ക്രമാതീതമായി വര്‍ധിപ്പിച്ചതും ഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ നടപടികളുടെ ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടിരുന്ന ഫാര്‍മ മേഖലയിലേക്കും താരിഫ് ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നത്.

യുഎസിൽ‌ ഫാക്ടറി സ്ഥാപിച്ച് മരുന്നുല്പാദനം നടത്തുന്ന കമ്പനികൾക്ക് ഈ തീരുവ ബാധകമാകില്ല. 2025 ഒക്ടോബര്‍ ഒന്ന് മുതല്‍ ഒരു കമ്പനി അമേരിക്കയില്‍ അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നില്ലെങ്കില്‍, ഏതെങ്കിലും ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് ചെയ്ത ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നത്തിന് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ബജറ്റ് കമ്മി കുറയ്ക്കാന്‍ നികുതികള്‍ സഹായിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം.

മരുന്ന് ഉല്പന്നങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. 2024 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയുടെ 27.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മരുന്ന് കയറ്റുമതിയില്‍, 31 ശതമാനം അല്ലെങ്കില്‍ 8.7 ബില്യണ്‍ ഡോളര്‍ (77,231 കോടി രൂപ) യുഎസിലേക്കായിരുന്നുവെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നു.
യുഎസില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ 45 ശതമാനത്തിലധികവും ബയോസിമിലര്‍ മരുന്നുകളുടെ 15 ശതമാനത്തിലധികവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാര്‍മ, സൈഡസ് ലൈഫ് സയന്‍സസ്, സണ്‍ ഫാര്‍മ, ഗ്ലാന്‍ഡ് ഫാര്‍മ തുടങ്ങിയ സ്ഥാപനങ്ങള്‍ അവരുടെ മൊത്തം വരുമാനത്തിന്റെ 30–50 ശതമാനം വരെ അമേരിക്കന്‍ വിപണിയില്‍ നിന്നാണ് സമ്പാദിക്കുന്നത്.

യൂറോപ്യന്‍ ബഹുരാഷ്ട്ര കമ്പനികൾക്ക് ആധിപത്യമുള്ള മേഖലയാണ് ബ്രാൻഡഡ്, പേറ്റന്റ് ചെയ്ത മരുന്നുകളുടെ ഉല്പാദനം. ഇന്ത്യന്‍ കമ്പനികള്‍ യുഎസിലേക്ക് കയറ്റുമതി നടത്തുന്നതിലേറെയും ജനറിക് മരുന്നുകളാണ്. ട്രംപ് ഇപ്പോള്‍ കൊണ്ടുവന്ന തീരുവ ജനറിക് മരുന്നുകളെ കാര്യമായി ബാധിക്കില്ലെന്നും ഇക്കാരണത്താല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ നഷ്ടം നേരിടില്ലെന്നും ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) വിലയിരുത്തുന്നു. എന്നാല്‍ ട്രംപിന്റെന്റെ അടുത്ത ലക്ഷ്യം ജനറിക് മരുന്നുകളാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യന്‍ കമ്പനികളെ ആയിരിക്കും.

മരുന്നുകള്‍ക്കുപുറമെ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തില്‍ അടുക്കള കാബിനറ്റുകളുടെയും ബാത്ത്‌റൂം വാനിറ്റികളുടെയും ഇറക്കുമതിക്ക് 50 ശതമാനവും, കിടക്കയും സോഫയുമടക്കമുള്ള ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്.

Exit mobile version