Site icon Janayugom Online

മുമ്പേ വിവരം രേഖപ്പെടുത്താതിനാൽ മെഡിക്ലെയിം നിരസിക്കാനാകില്ല: സുപ്രീം കോടതി

പോളിസി എടുക്കുന്ന വേളയില്‍ അപൂര്‍ണമായ മെഡിക്കൽ അവസ്ഥകൾ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടി മെഡിക്ലെയിം നിരസിക്കാൻ ഇൻഷുറൻസ് കമ്പനിക്കു് കഴിയില്ലെന്ന് സുപ്രീം കോടതി. അമേരിക്കന്‍ യാത്രക്ക് മുമ്പ് വിദേശ മെഡിക്ലെയിം ബിസിനസ് ആന്റ് ഹോളിഡേ പോളിസി വാങ്ങിയ മൻമോഹൻ നന്ദ എന്നയാളുടെ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.

സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ എത്തിയ നന്ദയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയും ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയും ചെയ്തു. ഹൃദയധമനികളിലെ തടസ്സം നീക്കാൻ മൂന്ന് സ്റ്റെന്റുകള്‍ ഘടിപ്പിച്ചു. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ചികിത്സാ ചെലവ് ക്ലെയിം ചെയ്തെങ്കിലും ആരോഗ്യസ്ഥിതി പൂർണമായും വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് കാണിച്ച് കമ്പനി അപേക്ഷ നിരസിച്ചു. മെഡിക്ലെയിം പോളിസി വാങ്ങുമ്പോൾ സ്റ്റാറ്റിൻ മരുന്നുകൾ കഴിച്ചതായി വെളിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും അപേക്ഷ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് നന്ദ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഇൻഷ്വർ ചെയ്തയാളുടെ ആരോഗ്യനില വിലയിരുത്തി പോളിസി നല്കിക്കഴിഞ്ഞാൽ, ഇൻഷ്വർ ചെയ്ത വ്യക്തി വെളിപ്പെടുത്തിയ മെഡിക്കൽ അവസ്ഥ ചൂണ്ടിക്കാട്ടി ക്ലെയിം നിരസിക്കാൻ ഇൻഷുറർക്ക് കഴിയില്ലെന്ന് കോടതി പറഞ്ഞു.

മെഡിക്ലെയിം പോളിസി വാങ്ങുന്നതിന്റെ ഉദ്ദേശ്യം വിദേശത്ത് സംഭവിക്കാനിടയുള്ള പ്രതീക്ഷിക്കാത്ത അസുഖത്തിനോ അസുഖത്തിനോ നഷ്ടപരിഹാരം തേടുകയാണെന്ന് കോടതി പറഞ്ഞു. ഇൻഷ്വർ ചെയ്തയാൾക്ക് പെട്ടെന്ന് അസുഖമുണ്ടായാൽ, അത് പോളിസിക്ക് കീഴിൽ വ്യക്തമായി ഒഴിവാക്കിയിട്ടില്ലെങ്കിൽ, നൽകാൻ ഇൻഷുറർക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ മെഡിക്ലെയിമിനായി രജിസ്റ്റര്‍ ചെയ്യുന്നവർ ഇൻഷുറൻസ് കമ്പനിയുടെ അറിവിലുള്ള എല്ലാ വസ്തുതകളും വെളിപ്പെടുത്തണമെന്ന് ജസ്റ്റിസുമാരായ ചന്ദ്രചൂഡും നാഗരത്നയും ഓര്‍മ്മിപ്പിച്ചു.

Eng­lish Sum­ma­ry: Mediclaim can­not be dis­missed as infor­ma­tion has not been record­ed before: Supreme Court

You may like this video also

Exit mobile version