Site icon Janayugom Online

മെഡിസെപ് ജൂലൈ ഒന്നു മുതൽ

Medisep

സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപ്’ ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. 10 ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20 ലക്ഷത്തോളം വരുന്ന ആശ്രിതർക്കും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി.
മെഡിസെപ് പദ്ധതിയിൽ അംഗങ്ങളാകുന്ന ജീവനക്കാരും പെൻഷൻകാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടയ്‌ക്കേണ്ടത്. പദ്ധതിയുടെ കീഴിൽ വരുന്ന പൊതു/സ്വകാര്യ ആശുപത്രികളിൽ ഗുണഭോക്താവോ ആശ്രിതരോ തേടുന്ന അംഗീകൃത ചികിത്സകൾക്ക് ഓരോ കുടുംബത്തിനും മൂന്നു വർഷത്തെ പോളിസി കാലയളവിനുള്ളിൽ പ്രതിവർഷം മൂന്ന് ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതിൽ 1.5 ലക്ഷം രൂപ ഓരോ വർഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും ഉപയോഗിക്കാത്ത പക്ഷം അസാധുവാകുന്നതുമാണ്. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി മുഖേനയാണ് ‘മെഡിസെപ്’ നടപ്പിൽ വരുത്തുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Medis­ep from July 1st

You may like this video also

Exit mobile version