Site iconSite icon Janayugom Online

മെഡിസെപ്പിന് ഇടങ്കോലിടുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായി ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന മെഡിസെപ് പദ്ധതിക്ക് ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനി ഇടങ്കോലിടുന്നതായി ആരോപണം. പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലംഘിക്കുന്നുവെന്നാണ് പരാതി. പദ്ധതി പ്രകാരം ഇപ്പോള്‍ 500 രൂപ വീതമാണ് പ്രീമിയമായി ഈടാക്കുന്നത്. അതായത് പ്രതിവര്‍ഷം 6000 രൂപ. പ്രതിമാസ പ്രീമിയം 500 രൂപ വര്‍ധിപ്പിച്ച് വാര്‍ഷിക പ്രീമിയം 6,600 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി കഴിഞ്ഞ ദിവസം സര്‍ക്കാരിന് കത്തുനല്കി.

ഇതിനിടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പങ്കാളികളായ ചില സ്വകാര്യ ആശുപത്രികള്‍ മെഡിസെപ്പില്‍ അംഗങ്ങളായ രോഗികളില്‍ നിന്ന് കരാര്‍ ലംഘിച്ച് പണം ഈടാക്കുന്നുവെന്ന പരാതിയും വ്യാപകം. ഇത് സംബന്ധിച്ച പരാതികളിന്മേല്‍ ഓറിയന്റ് ഇന്‍ഷുറന്‍സ് കമ്പനി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മുപ്പതോളം ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച മെഡിസെപ് പദ്ധതിക്ക് ഒരു വയസ് തികയുന്നതിന് മുമ്പുതന്നെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് നിരവധി സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി പുതിയ സമ്മര്‍ദതന്ത്രവും ആരംഭിച്ചു.

പദ്ധതിയുടെ ആദ്യവര്‍ഷം രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി മുഖേന 500 കോടി രൂപ കൈമാറുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. 500 കോടി രൂപയ്ക്കായിരുന്നു ഓറിയന്റ് ഇന്‍ഷുറന്‍സ് കമ്പനിയും സര്‍ക്കാരും തമ്മിലുള്ള കറാറും. പക്ഷേ, മെഡിസെപ് പദ്ധതി പ്രതീക്ഷിച്ചതിലുമേറെ ജനപ്രിയമായതോടെ മൂന്ന് ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചികിത്സ തേടിയെത്തിയതെന്നാണ് കണക്ക്.

രോഗികള്‍ക്കുവേണ്ടി ആശുപത്രികള്‍ ക്ലെയിം ചെയ്തത് 717 കോടി രൂപയാണ്. ഇതില്‍ 697 കോടി രൂപ നല്‍കിക്കഴിഞ്ഞു. മുഴുവന്‍ ക്ലെയിം തുകയും നല്കുന്നതോടെ 217 കോടി രൂപ പദ്ധതി നടത്തിപ്പിലൂടെ നഷ്ടമാകുമെന്ന് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി പറയുന്നു. അതിനാലാണ് നഷ്ടം നികത്താന്‍ വേണ്ടി ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിവര്‍ഷം 6000 രൂപയില്‍ നിന്നും 6600 രൂപയായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെടുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. പക്ഷേ, ഇന്‍ഷുറന്‍സ് കമ്പനിയുമായി മൂന്ന് വര്‍ഷത്തേക്കാണ് 500 കോടി രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അക്കാരണത്താല്‍തന്നെ അവശേഷിക്കുന്ന രണ്ടു വര്‍ഷത്തേക്ക് ഇടക്കാല പ്രീമിയം വര്‍ധന പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനു നിയമപരമായ ബാധ്യതയുമില്ല.

ഈ സാഹചര്യത്തിലാണ് പ്രീമിയം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോടൊപ്പം സ്വകാര്യ ആശുപത്രികളെയും ഒപ്പം നിര്‍ത്തി ഇടങ്കോലിടല്‍ ശക്തമാക്കാനുള്ള ദ്വിമുഖ സമരതന്ത്രം ഓറിയന്റല്‍ ഇന്‍ഷുറന്‍സ് മെനഞ്ഞിരിക്കുന്നത്. മെഡിസെപ് പദ്ധതിയില്‍ മഹാഭൂരിപക്ഷവും സ്വകാര്യ ആശുപത്രികളാണ്. അവര്‍ പദ്ധതിയില്‍ നിന്ന് പിന്മാറാനാണ് പുതിയ നഷ്ടക്കണക്കുകള്‍ നിരത്തുന്നതെന്ന സൂചനയുമുണ്ട്.

Eng­lish Sum­ma­ry: Medis­ep project
You may also like this video

Exit mobile version