വിഴിഞ്ഞം തുറമുഖത്ത് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) വമ്പൻ ചരക്കുകപ്പൽ ഡെയ്‌ല ഇന്നെത്തും . മെസ്‌ക്കിന്റെ സാൻഫെർണാണ്ടോയ്ക്കുശേഷം വിഴിഞ്ഞത്ത് എത്തുന്ന കപ്പലാണ് ഡെയ്‌ല. സാൻഫെർണാണ്ടോയേക്കാൾ വലുപ്പത്തിലും വാഹകശേഷിയിലും മുന്നിലാണ് ഡെയ്‌ല. വൈകിട്ട് അഞ്ചോടെ കപ്പൽ തീരത്തടുക്കും. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള കപ്പലിന് 13,988 ടിഇയു വഹിക്കാൻ ശേഷിയുണ്ട്. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് ഇറക്കുമെന്നാണ് സൂചന.
ഇത് കൊണ്ടുപോകാൻ രണ്ടുദിവസത്തിനുശേഷം എംഎസ്‌സിയുടെ ഫീഡർ വെസലായ അഡു 5 എത്തും. കേരളത്തിൽ പ്രാദേശിക ഓഫീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് എംഎസ്‌സി. കൊളംബോ തുറമുഖത്തേക്കാൾ കുറഞ്ഞ നിരക്കാണ് കപ്പലടുക്കുന്നതിന് ഈടാക്കുക. പ്രതീക്ഷിക്കുന്ന കാര്യക്ഷമതയുണ്ടെങ്കിൽ രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ ഇവിടെ ഇറക്കാൻ കമ്പനി തയ്യാറാകും. ജൂലൈ 11നാണ് ആദ്യ ചരക്കു കപ്പൽ വിഴിഞ്ഞത്ത് എത്തിയത്.