സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ നിലവിലെ കരാർ സെപ്റ്റംബര്‍ 30 വരെ നീട്ടി. പുതിയ കരാർ വൈകുന്ന സാഹചര്യത്തിലാണിത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ഈമാസം 30ന് അവസാനിക്കുകയും ജൂലൈ ഒന്നുമുതൽ പുതിയ കരാർ നിലവിൽ വരേണ്ടതുമായിരുന്നു.
പുതിയ കരാറിനായി ടെൻഡർ നടപടി ആരംഭിച്ചെങ്കിലും ഒരുമാസത്തിനുള്ളിൽ പൂർത്തിയാകില്ലെന്നുറപ്പായ സാഹചര്യത്തിലാണ് നിലവിലെ കരാർ നീട്ടിയത്. പാക്കേജ് നവീകരണം, കൂടുതൽ ആശുപത്രികളുടെ എംപാനൽമെന്റ്, ജീവനക്കാരുമായുള്ള ചർച്ച എന്നിവ നടക്കേണ്ടതുണ്ട്. പദ്ധതിയിൽ വിടവ് വന്നാൽ ഡയാലിസിസ് പോലുള്ള തുടർ ചികിത്സ ആവശ്യമായവരും പെൻഷൻകാരായ രോഗികളും പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് കരാർ ദീർഘിപ്പിച്ചത്. ടെൻഡറിൽ പൊതുമേഖല ഇൻഷുറൻസ് കമ്പനികളെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന തീരുമാനം തുടരും. പുതിയ കരാർ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഉദ്യോഗസ്ഥ സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.

