Site iconSite icon Janayugom Online

‘മീറ്റ് ദ സി ഇ ഒ’; എം ജി കോളജിൽ വിദ്യാർത്ഥികളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സംവാദം നടത്തി

വിദ്യാർത്ഥികൾക്കിടയിൽ തെരഞ്ഞെടുപ്പ് അവബോധം വളർത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം നടപ്പാക്കുന്ന ‘മീറ്റ് ദ സി ഇ ഒ’ പദ്ധതിയുടെ ഭാഗമായി, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ഐഎഎസ് ഇന്ന് തിരുവനന്തപുരം എംജി കോളജിലെ വിദ്യാർത്ഥികളുമായി സംവാദം നടത്തി. വോട്ടിംഗ് പ്രക്രിയയെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കുക, യുവാക്കളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തം ശക്തമാക്കുക, തെരഞ്ഞെടുപ്പ് സംവിധാനത്തിനും യുവാക്കൾക്കുമിടയിൽ നിലനിൽക്കുന്ന അകലം കുറയ്ക്കുക എന്നിവയായിരുന്നു സെഷന്റെ പ്രധാന ലക്ഷ്യങ്ങൾ. തുടർന്ന്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. 

വോട്ടർ രജിസ്ട്രേഷൻ, തെരഞ്ഞെടുപ്പ് സംബന്ധമായ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സംവാദത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. വിദ്യാർത്ഥികൾ സെഷനിൽ സജീവമായി പങ്കെടുക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയയെ സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാടുകളും സംശയങ്ങളും പങ്കുവെക്കുകയും ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ആനന്ദകുമാർ അധ്യക്ഷനായിരുന്നു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഷർമിള സി, ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിനു വേണ്ടി കെമിസ്ട്രി വിഭാഗം അദ്ധ്യാപകൻ രാഹുൽ ശശിധരൻ എന്നിവരും സംസാരിച്ചു.

Exit mobile version