കേന്ദ്രത്തിലെ ബിജെപിയെ നേരിടാൻ ഒരു സഖ്യം രൂപീകരിക്കാനുള്ള നീക്കവുമായി ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വരും ദിവസങ്ങളിൽ മുംബൈയിൽ നടത്താൻ സാധ്യത. രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ തൃണമൂൽ കോൺഗ്രസ് മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അടുത്തിടെ ബിജെപിയിതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നു.
വർധിച്ചുവരുന്ന തൊഴിലില്ലായ്മ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ, ഗവർണർമാരുടെ അമിത ഇടപെടൽ തുടങ്ങിയ വിഷയങ്ങളായിരിക്കും ചർച്ച ചെയ്യുക. 2021 ഡിസംബറിൽ ഇത്തരമൊരു സഖ്യമുണ്ടാക്കാനുള്ള ശ്രമവുമായി മമത മുംബൈ സന്ദർശനം നടത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് സുഖമില്ലാതിരുന്നതിനാൽ എൻസിപി നേതാവ് ശരദ് പവാറുമായും ശിവസേനാ നേതാക്കളായ ആദിത്യ താക്കറെ, സഞ്ജയ് തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫെബ്രുവരിയിൽ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ആദിത്യ താക്കറെയെയും പവാറിനെയും കാണുകയും ബിജെപിയെന്ന വിപത്തിനെതിരെ ‘വലിയ മാറ്റത്തിന്’ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. എൻസിപി തലവൻ ശരദ് പവാറും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ഇത്തരമൊരു സമ്മേളനം മുംബൈയിൽ നടത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു.
English Summary: Meeting of non-BJP chief ministers against the Center
You may like this video also