Site iconSite icon Janayugom Online

‘എന്റെ കേരളം’: തലസ്ഥാനത്ത് ആഘോഷത്തിന്റെ രാപകലുകൾ

അനന്തപുരിയിൽ ആരംഭിച്ച എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ ആവേശത്തിമിര്‍പ്പില്‍. ‘എന്റെ കേരളം പ്രദർശന വിപണന’ മേളയില്‍ പൂര്‍ണമായും ശീതീകരിച്ച 250ല്‍ അധികം സ്റ്റാളുകളാണുള്ളത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ മീഡിയാ സെന്റർ, പൊതുവിദ്യാഭ്യാസ വകുപ്പ്, സപ്ലൈകോ വകുപ്പുകളുടെ സ്റ്റാളുകൾ, റവന്യു വകുപ്പിന്റെ സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ പ്രദർശന — വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട്, സൗജന്യ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന സർവീസ് സ്റ്റാളുകൾ, യൂത്ത് സെഗ്മെന്റ്, ടെക്നോസോൺ തുടങ്ങിയവയാണ് എന്റെ കേരളം മേളയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.

മേളയിലെ പ്രദര്‍ശന ശില്പം നോക്കിക്കാണുന്ന മന്ത്രി ജി ആര്‍ അനില്‍

കേരളാ പൊലീസ് ഒരുക്കുന്ന പ്രത്യേക പവലിയനില്‍ നിലവില്‍ സേന ഉപയോഗിക്കുന്നതും മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതുമായ അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും. ഇതിനുപുറമെ വനിതകള്‍ക്കുള്ള സ്വയംപ്രതിരോധ മാര്‍ഗങ്ങളുടെ പരിശീലനവും വൈകുന്നേരങ്ങളില്‍ കെ 9 ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഡോഗ് ഷോയും അശ്വാരൂഢ സേനയുടെ പ്രകടനവുമുണ്ടാകും. യുവജനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളും പുതിയ തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്ന യൂത്ത് സെഗ്‌മെന്റ് മെഗാ മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. സ്റ്റാര്‍ട്ടപ്പ് മിഷന്‍, കിന്‍ഫ്ര, നോര്‍ക്ക, കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി തുടങ്ങിയവര്‍ ഒരുക്കുന്ന ഈ വിഭാഗത്തില്‍ എല്ലാ ദിവസവും വൈവിധ്യങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ തുടങ്ങിയ മൂന്ന് വീതം സ്റ്റാര്‍ട്ടപ്പുകള്‍ എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കും.

സ്‌പോര്‍ട്ട് ആന്റ് യൂത്ത് അഫേഴ്‌സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക പവലിയനില്‍ വിവിധ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങളും വിവിധ പദ്ധതികളും പരിചയപ്പെടുത്തുന്ന ടെക്‌നോസോണും മേളയിലെത്തുന്നവരുടെ മനം കവരുമെന്ന് ഉറപ്പാണ്. അസാപ്പ്, ടെക്‌നോപാര്‍ക്ക്, കെ ഡിസ്‌ക്, കെഎഎസ്ഇ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക. മേളയുടെ മാറ്റുകൂട്ടാൻ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും ആരംഭിച്ചു. ആദ്യദിനമായിരുന്ന ഇന്നലെ എം ജി ശ്രീകുമാര്‍ നയിച്ച മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറി. ഇന്ന് വൈകീട്ട് ഏഴ് മുതല്‍ ‘ഉറുമി’ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും.

Eng­lish Sam­mury: My Ker­ala, Mega Exhi­bi­tion @ Thiruvananthapuram

Exit mobile version