Site iconSite icon Janayugom Online

മേഘാലയ ഹണിമൂണ്‍ കൊലപാതകം; ഭാര്യ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ഹണിമൂണ്‍ യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി (29) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. രാജയുടെ ഭാര്യ സോനം രഘുവംശി (24) ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നങ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കാമുകന്‍ രാജ് കുശ്വാഹ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി മേഘാലയ പൊലീസ് പറഞ്ഞു. ഗാസിപൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു സോനം. വാരാണസി – ഗാസിപൂര്‍ മെയിന്‍ റോഡിലെ കാശി ധാബയില്‍ യുവതിയെ അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സദര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

വിശാൽ സിങ് ചൗഹാന്‍ (22), ആകാശ് രജ്പുത് (19), ആനന്ദ് സിങ് കുർമി (23) എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. മേയ് 11നായിരുന്നു രാജ രഘുവംശിയുടെയും സോനത്തിന്റെയും വിവാഹം. ഹണിമൂണ്‍ യാത്രയുടെ ഭാഗമായി മേഘാലയയില്‍ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്പതികളെ കാണാതായി 11 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ രണ്ടിന് വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നും രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തി. മേഘാലയ പൊലീസ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. 

Exit mobile version