Site iconSite icon Janayugom Online

മണിപ്പൂരില്‍ മെയ്തി ക്രൂരത; 27 കുക്കി സ്ത്രീകള്‍ കൊല്ലപ്പെട്ടു

മണിപ്പൂര്‍ കലാപത്തിനിടെ മെയ്തി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ കൊടുംക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടുമാസത്തിനിടെ ഏഴ് കുക്കി-സോമി സ്ത്രീകള്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായതായി വിവിധ കുക്കി സംഘടനകള്‍ പറഞ്ഞു.
മേയ് മൂന്ന് മുതല്‍ നടക്കുന്ന കലാപത്തില്‍ കുക്കി-സോമി ഗോത്രവിഭാഗങ്ങളില്‍ നിന്നായി 27 സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇതില്‍ എട്ട് പേരെ വടികള്‍കൊണ്ടും മറ്റ് മാരകായുധങ്ങളുപയോഗിച്ചുമാണ് കൊലപ്പെടുത്തിയത്. രണ്ട് പേരെ ചുട്ടുകൊന്നപ്പോള്‍ അഞ്ച് പേരെ വെടിവച്ചു കൊന്നു. മൂന്ന് പേര്‍ ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും മറ്റുള്ളവരെ കൊന്നത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും വായ്പേയ് പീപ്പിള്‍സ് കൗണ്‍സില്‍, യങ് വായ്പേയ് അസോസിയേഷന്‍, സോമി സ്റ്റുഡന്റ്സ് ഫെ‍ഡറേഷന്‍, കുക്കി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ വെളിപ്പെടുത്തി.
ഒരു സംഘം മെയ്തി സ്ത്രീക, കുക്കി വിഭാഗത്തിലെ 18കാരിയെ കൂട്ടബലാത്സംഗം ചെയ്യാനായി ആയുധധാരികള്‍ക്ക് വിട്ടുനല്‍കിയ സംഭവവും പുറത്തുവന്നു. മേയ് 15ന് ഇംഫാൽ ഈസ്റ്റിലാണ് സംഭവം നടന്നത്. ഈ മാസം 21ന് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടി ഇപ്പോൾ നാഗാലാൻഡിൽ ചികിത്സയിലാണ്.
മണിപ്പൂരിലെ കാക്ചിങ് ജില്ലയിലെ സെറോ ഗ്രാമത്തില്‍, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ 80 വയസുള്ള ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊന്നതായും വിവരങ്ങള്‍ പുറത്തുവന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം നേരിട്ട് ആദരിച്ച സ്വാതന്ത്ര്യ സമരസേനാനി എസ് ചുരാചന്ദ് സിങ്ങിന്റെ ഭാര്യ ഇബെറ്റോംബിയെയാണ് മെയ്തികള്‍ വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സെറോ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുലര്‍ച്ചെയോടെയെത്തിയ അക്രമികള്‍ ഇബെറ്റോംബിയെ അകത്തിട്ട് പൂട്ടിയ ശേഷം വീടിന് തീയിടുകയായിരുന്നു. മണിപ്പൂര്‍ കലാപത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളിലൊന്നാണ് സെറോ.
കുക്കി വനിതകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസും കേന്ദ്ര സേനയും സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്. മറ്റ് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ അഭയാര്‍ത്ഥികളായ മെയ്തികൾ സംസ്ഥാനം വിടണമെന്ന വിഘടനവാദികളുടെ ആഹ്വാനത്തെ തുടർന്ന് മിസോറമിലും അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്നും മെയ്തികളെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ആലോചന നടത്തുന്നുണ്ട്.

Eng­lish Sum­ma­ry: Meiti Atroc­i­ties in Manipur; 27 Kuki women were killed
You may also like this video;

Exit mobile version