സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 18 വയസ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു. രാജ്യത്ത് തന്നെ സർവകലാശാല‑കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത് ആദ്യമായാണ്. വിദ്യാർത്ഥിനികൾക്ക് ഹാജരിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകിയെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാല്‍ പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. യുവജനകമ്മിഷനും ഇക്കാര്യം ശുപാര്‍ശ നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകളുടെ ഭാഗം: മുഖ്യമന്ത്രി
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീപക്ഷനിലപാടുകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആർത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണെങ്കിലും അത് സ്ത്രീകളിൽ ഏറെ മാനസിക പിരിമുറുക്കങ്ങളും ശാരീരിക അവശതകളും സൃഷ്ടിക്കുന്നുണ്ട്. ആർത്തവദിനങ്ങളിലെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാർത്ഥിനികൾക്ക് ഹാജർ പരിധിയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകാനാണ് തീരുമാനം. രാജ്യത്ത് തന്നെ സർവകലാശാല‑കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരത്തില്‍ സ്ത്രീപക്ഷ തീരുമാനമെടുക്കുന്നതെന്ന് ആദ്യമായാണെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
English Summary: menstrual leave and maternity leave allowed in all universities kerala
You may also like this video