Site iconSite icon Janayugom Online

മേപ്പാടി പഞ്ചായത്ത് കിറ്റുകള്‍ പൂഴ്ത്തിയത് രാഷ്ട്രീയലാഭത്തിന്

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് പ്രതിരോധത്തിലായി. ഓണത്തിന് മുമ്പ്, സെപ്റ്റംബര്‍ എട്ടിന് ഒരു സന്നദ്ധ സംഘടന നല്‍കിയ കിറ്റുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. കിറ്റുകള്‍ മാറ്റിവച്ച് വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വിതരണം ചെയ്യുകയും അതുവഴി രാഷ്ട്രീയനേട്ടമുണ്ടാക്കുകയുമായിരുന്നു യുഡിഎഫ് ഭരണസമിതിയുടെ ശ്രമമെന്നാണ് ഉയരുന്ന ആരോപണം. 10 ദിവസം മുമ്പ് റവന്യു വകുപ്പ് നല്‍കിയ ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണെന്നും പരാതിയുണ്ട്. 

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന കൈമാറുന്നതിനായി നിര്‍മ്മാണ്‍ എന്ന സന്നദ്ധ സംഘടനയാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കിയത്. രണ്ടുമാസം മുമ്പ് നല്‍കിയ കിറ്റുകളാണ് ഉപയോഗശൂന്യമായതിന് ശേഷം വിതരണം ചെയ്തതെന്നാണ് വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട്. ദുരിതബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്തുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ ജിനു സക്കറിയ ഉമ്മന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് എഡിഎം ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തില്‍ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എഡിഎം കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
ഓണത്തിന് മുമ്പ് കൈമാറിയ കിറ്റുകള്‍ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായ സാഹചര്യം അന്വേഷിക്കാന്‍ ഭക്ഷ്യകമ്മിഷന്‍ എഡിഎമ്മിന് നിര്‍ദേശം നല്‍കി. കൃത്യമായി പരിശോധന നടത്താതെ അലക്ഷ്യമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിന് വിശദീകരണം ലഭ്യമാക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം, റവന്യു വകുപ്പ് ഒക്ടോബര്‍ 30ന് വിതരണത്തിന് നല്‍കിയ അരി കാലതാമസം കൂടാതെ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യണമെന്നും ഭക്ഷ്യകമ്മിഷന്‍ നിര്‍ദേശം നല്‍കി.

പുഴുവരിച്ച ഭക്ഷ്യസാധനങ്ങള്‍ നല്‍കിയതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ, സംസ്ഥാന സര്‍ക്കാരിനെയും ഭക്ഷ്യ‑റവന്യു വകുപ്പുകളെയും കുറ്റപ്പെടുത്തി രക്ഷപ്പെടാനായിരുന്നു യുഡിഎഫ് ശ്രമിച്ചത്. എന്നാല്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫിന്റെ ശ്രമം പൊളിഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയുള്‍പ്പെടെ പതിച്ച കിറ്റുകള്‍ വിതരണം ചെയ്ത് വോട്ട്തട്ടാനുള്ള യുഡിഎഫിന്റെ ശ്രമവും പുറത്തുവന്നതോടെ, കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ് വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം. 

Exit mobile version