Site iconSite icon Janayugom Online

പാഠം ഒന്ന് അതിജീവനം; മേപ്പാടി സ്കൂൾ തുറന്നു

meppadimeppadi

ഉരുൾപൊട്ടൽ ദുരന്തത്തിൽ അണപൊട്ടി ഒഴുകിയ സങ്കടങ്ങൾ നിറഞ്ഞ ക്ലാസുമുറികളിൽ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ തുടങ്ങി. ദുരിതബാധിതർക്കും ഉറ്റവർക്കുമായി തുറന്നിട്ട മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ഇന്നലെ അധ്യയനം തുടങ്ങിയത്. മേപ്പാടി ജിഎൽപി, യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ്സുമുറികളാണ് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളായത്. ദുരന്തമേഖലയിൽ നിന്നും നിരവധി കുടുംബങ്ങളാണ് ഈ ക്യാമ്പിൽ കഴിഞ്ഞത്. ഉറ്റവരെയും അയൽവാസികളെയുമെല്ലാം ദുരന്തത്തിൽ നഷ്ടമായവർക്കുള്ള തണലായി മാറുകയായിരുന്നു ഈ പാഠശാലയും. അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം ദുരിതനാടിന്റെ നൊമ്പരങ്ങളുമായി വന്നവർക്കെല്ലാം സാന്ത്വനത്തിന്റെ ആശ്വാസങ്ങൾ നൽകി. 

മേപ്പാടി ഹയർസെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ വീണ്ടും തുറന്നപ്പോൾ 637 കുട്ടികളിൽ കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികൾ അവരോടൊപ്പമില്ല. പ്ലസ് വൺ വിഭാഗത്തിലെ രണ്ടുകൂട്ടുകാരും പ്ലസ്ടു വിഭാഗത്തിൽ നിന്നുള്ള ഒരു കൂട്ടുകാരിയുമാണ് നാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായി തീരാനൊമ്പരങ്ങളായി മാറിയത്. അവർക്കൊപ്പം ദുരന്തത്തിൽ മാഞ്ഞുപോയ എല്ലാവർക്കുമായി സ്കൂൾ അസംബ്ലിയിൽ അനുശോചനം രേഖപ്പെടുത്തി. അതുവരെയും അധ്യയനത്തിന്റെ മാത്രം പാഠശാലയായിരുന്ന വിദ്യാലയം പരസ്പരം കൈകോർത്ത് ഇനിയും മുന്നേറാനുള്ള ജീവിത പാഠത്തിന്റെയും ഗുരുകുലമാവുകയായിരുന്നു. 

പൊലീസ് വിഭാഗത്തിന്റെ പ്രത്യേക കൗൺസിലിങ്ങും വിദ്യാലയത്തിൽ നടന്നു. ഉച്ചതിരിഞ്ഞ് വിദ്യാഭ്യാസ അധികൃതരും അധ്യാപകരും യോഗം ചേർന്ന് സ്കൂൾ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. മുണ്ടക്കൈ, വെള്ളാർമല ക്ലാസ്സ് മുറികൾ മേപ്പാടിയിൽ തുടങ്ങുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങളും വിലയിരുത്തി. 

Exit mobile version