ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി കളംനിറഞ്ഞതോടെ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളിന് മെക്സിക്കോയെ തകര്‍ത്ത് അര്‍ജന്‍റീന നോക്കൗട്ട് സാധ്യത സജീവമാക്കി. 64ാം മിനിറ്റില്‍ മെസ്സിയു ഗോള്‍ നേടി. 87ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ എന്‍സോ ഫെര്‍ണാണ്ടസിലൂടെ രണ്ടാമതും വല കുലുക്കി. രണ്ടാം പകുതിയില്‍ അര്‍ജന്റീന മത്സരം കൈയടിക്കിയിരുന്നു.
വലതുവിങ്ങില്‍നിന്ന് ഏഞ്ചല്‍ ഡി മരിയ നല്‍കിയ ക്രോസാണ് ആദ്യ ഗോളിലേക്ക് വഴിയൊരുക്കിയത്. ബോക്സിനു പുറത്തുണ്ടായിരുന്ന മെസ്സിയിലേക്കാണ് പന്തെത്തിയത്. 25 വാര അകലെനിന്നുള്ള താരത്തിന്‍റെ നിലംപറ്റെയുള്ള ഷോട്ട് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ മെക്സിക്കോയുടെ വിഖ്യാത കാവല്‍ക്കാരന്‍ ഗ്വില്ലെര്‍മോ ഒച്ചാവോയെ മറികടന്ന് വലയിലേക്ക്.
ലോകകപ്പിലെ മെസ്സിയുടെ എട്ടാം ഗോളാണിത്. കോര്‍ണര്‍ സെറ്റ്പീസില്‍ നിന്നാണ് രണ്ടാമത്തെ ഗോള്‍ പിറക്കുന്നത്. മെസ്സിയില്‍നിന്ന് പന്ത് സ്വീകരിച്ച എന്‍സോ ഫെര്‍ണാണ്ടസ് പ്രതിരോധ താരങ്ങളെ മറികടന്ന് വലങ്കാല്‍ കൊണ്ടുള്ള ബെന്‍ഡിങ് ഷോട്ട് ഗോളിയെയും മറികടന്ന് പോസ്റ്റിന്‍റെ വലതു മൂലയിലേക്ക്.
മെസ്സിപ്പടയെ പിടിച്ചുകെട്ടുന്നതില്‍ മെക്സിക്കന്‍ താരങ്ങള്‍ ആദ്യഘട്ടത്തില്‍ വിജയിച്ചതോടെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. പന്തടക്കത്തിലും പാസ്സിങ്ങിലും അര്‍ജന്‍റീന മുന്നിട്ടുനിന്നെങ്കിലും എതിര്‍ ഗോള്‍മുഖം വിറപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും കാഴ്ചവയ്ക്കാനായില്ല. എന്നാല്‍, മെക്സിക്കന്‍ താരങ്ങള്‍ പലപ്പോഴും അര്‍ജന്‍റീനന്‍ പ്രതിരോധ നിരക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
English Summary:Messi Magic; Argentina broke the Mexican defense
You may also like this video