ആയുർവേദ കോളജിന് മുൻവശത്തെ ദേവസ്വം ബോർഡ് ബിൽഡിങ്ങിന് സമീപം പാർക്കിങ് ഏരിയ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭ. നിലവിൽ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗരപരിധിയിൽ ട്രാഫിക് നിയന്ത്രണത്തിന് 225 വാർഡൻമാരെ പാർക്കിങ് ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടുണ്ട്. പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയിൽ അടയ്ക്കുകയാണ് പതിവ്. തുക നഗരസഭ അല്ല സ്വീകരിക്കുന്നത്.
ചില ഇടങ്ങളിൽ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നൽകും. 2017 മുതൽ ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ പാർക്കിങ് ഏരിയ വാടകയ്ക്ക് നൽകാറുണ്ട്. ഈ പ്രദേശത്ത് വാർഡന്മാർ കാശ് പിരിക്കാറില്ല. മാസം തോറും അപേക്ഷകൻ സൊസൈറ്റിയിൽ നേരിട്ട് കാശ് നൽകും. എന്നാൽ ഇവിടെ പാർക്കിങിനായി എത്തുന്ന ആരെയും തടയാൻ അപേക്ഷകന് അധികാരമില്ല. ആയൂർവേദ കോളജിന് സമീപത്തെ ബിൽഡിങ്ങിന് മുൻവശത്തെ പാർക്കിങുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയിൽ ട്രാഫിക് വാർഡൻ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നൽകാമെന്നുമായിരുന്നു.
മേയര്‍ ആര്യാ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ജൂണ്‍ 13 ന് ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി അപേക്ഷ പരിശോധിക്കുകയും കരാറടിസ്ഥാനത്തിൽ ഇവിടെ പാർക്കിങ് സ്ഥലം വാടകയ്ക്ക് നൽകുകയും ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഉന്നത പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. നഗരസഭയും അപേക്ഷകനും തമ്മിൽ എഴുതി തയാറാക്കിയ കരാറിൽ അതുവഴിയുളള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാർക്കിങിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി നഗരസഭ സ്വീകരിക്കും.
English Summary: MG Road parking area; Allegations are baseless and breach of terms will result in cancellation of contract
You may like this video also