Site iconSite icon Janayugom Online

എംജിഎൻആർഇജിഎ വേതനം കുടിശിക കുന്നുകൂടി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) പ്രകാരമുള്ള കൂലി കുടിശിക 1,340 കോടി രൂപയിലെത്തി. ഇതിൽ ഏകദേശം 82% തുകയും നാല് സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് 1,095 കോടി വരുമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഡിസംബർ 5 വരെയുള്ള കണക്കുകൾ പറയുന്നു. ആന്ധ്രാപ്രദേശിന് 402.93 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. മൊത്തം കുടിശികയുടെ 30% വരും ഇത്. കേരളത്തിന് ലഭിക്കാനുള്ളത് 339.87 കോടി വരും. ഇത് മൊത്തം കുടിശികയുടെ 25% വരും. തമിഴ്‌നാടിന് 220.13 കോടിയും മധ്യപ്രദേശിന് 131 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് കൂലിയിനത്തില്‍ നല്‍കാനുണ്ട്.

അതേസമയം ഈ നാല് സംസ്ഥാനങ്ങളിലായി രാജ്യത്തെ ആകെ സജീവ തൊഴിലാളികളുടെ ഏകദേശം 25% മാത്രമാണ് ഉള്ളതെന്നും കണക്കുകളിലുണ്ട്. മൊത്തം കുടിശികയുടെ 82% ഇവിടെയാണ്. ഇത് കൂലി വിതരണത്തിലുള്ള പ്രാദേശിക അസമത്വം വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സജീവ തൊഴിലാളികൾ (1.2 കോടി) ഉള്ള ഉത്തർപ്രദേശില്‍ കുടിശിക മൊത്തം തുകയുടെ 2.5% മാത്രമാണ് (₹33.18 കോടി) അവശേഷിക്കന്നത്. സജീവ തൊഴിലാളികളില്‍ രണ്ടാംസ്ഥാനത്തുള്ള രാജസ്ഥാനും കുടിശിക കുറവാണ്. 5.04 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ (3.32 കോടി) മഹാരാഷ്ട്രയിലാണ്. ഇവിടെയും കാര്യമായ കുടിശികയിലില്ല. 5.04 കോടി രൂപ മാത്രമാണ് ഇനി ലഭിക്കേണ്ടത്. അതേസമയം നിയമത്തിലെ ചില നിര്‍ദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് 2022 മാർച്ച് മുതൽ പശ്ചിമ ബംഗാളിനുള്ള ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. 

തൊഴിൽ രേഖകൾ പരിശോധിച്ച് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വേഗത്തിലും ഏകീകൃതമായും എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് തൊഴില്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കുടിശിക ഏതാനും സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ച് തുടരുന്നത് തൊഴിലും അന്തസ്സും ഉറപ്പാക്കാൻ രൂപകല്പന ചെയ്ത പരിപാടിയുടെ ലക്ഷ്യങ്ങളെ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചും തൊഴില്‍ ദിനങ്ങള്‍ ചുരുക്കിയും പദ്ധതിയെ തുരങ്കംവയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റി പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന (പിബിജിആര്‍വൈ) എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.

Exit mobile version