Site iconSite icon Janayugom Online

രാജ്യത്തെ മധ്യവര്‍ഗ വരുമാനം സ്തംഭനാവസ്ഥയില്‍

രാജ്യത്തെ മധ്യവര്‍ഗം അഭിവൃദ്ധിയിലേക്ക് കുതിക്കുകയാണെന്ന് മോഡി സര്‍ക്കാര്‍ വീരവാദം മുഴക്കുമ്പോള്‍ വസ്തുത നേരെ മറിച്ചാണെന്ന് കണക്കുകള്‍. മധ്യവര്‍ഗത്തിന്റെ വരുമാനവും ഉപഭോഗവും നിശ്ചലാവസ്ഥയിലാണെന്ന് വിവിധ വിദഗ്ധര്‍ പറയുന്നു.
എഫ്എംസിജി (വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന) ഉല്പന്നങ്ങളുടെ നഗരങ്ങളിലെ വില്പനാവളര്‍ച്ച കടുത്ത മാന്ദ്യത്തിലാണെന്ന് നെസ‍‍്‍ലെ ഇന്ത്യ സിഎംഡി സുരേഷ് നാരായണന്‍ പറയുന്നു. തങ്ങളെപ്പോലുള്ള എഫ്എംസിജി കമ്പനികള്‍ നിലനില്‍ക്കുന്നത് മധ്യവര്‍ഗത്തിന്റെ ഉപഭോഗം കൊണ്ടാണ്. എന്നാല്‍ അവരുടെ വരുമാനം ഇടിയുകയാണെന്ന് കമ്പനിയുടെ ത്രൈമാസ വളര്‍ച്ചാ കണക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പല മേഖലകളിലും മാന്ദ്യമാണെന്നും ഇത് അസാധാരണമായ സ്ഥിതിവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കൊല്ലം മേയില്‍ വിശകലന വിദഗ്ധരും നിക്ഷേപകരുമായും വരുമാനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഏഷ്യന്‍പെയിന്റ്സിന്റെ സിഇഒ മൊത്തം ആഭ്യന്തര ഉല്പാദനത്തെ (ജിഡിപി) കുറിച്ച് സംശയം പ്രകടിപ്പിച്ചു. എന്നാല്‍ അടുത്തദിവസം തന്നെ കമ്പനി ഇത് സംബന്ധിച്ച വിവരങ്ങള്‍ പിന്‍വലിച്ചു.

കുറച്ചുകാലമായി രാജ്യത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മിതമായ ഉപഭോഗ വളര്‍ച്ചയെക്കുറിച്ചാണ് കോര്‍പറേറ്റ്-മാര്‍ക്കറ്റ് വിശകലന വിദഗ്ധര്‍ സംസാരിക്കുന്നത്. 86,000 കോടി വിലമതിക്കുന്ന ഏഴ് ലക്ഷം വാഹനങ്ങളാണ് കാര്‍ ഡീലര്‍മാരുടെ കയ്യില്‍ കെട്ടിക്കിടക്കുന്നത്. നവരാത്രി — ദീപാവലി ഉത്സവ സീസണായിട്ട് പോലും കച്ചവടം നടക്കുന്നില്ല. ഡീലര്‍മാരുടെ കയ്യിലുള്ള കാറുകളുടെ എണ്ണം 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 75 ശതമാനം വര്‍ധിച്ചു. ഇതിനുമുമ്പ് വിപണിയില്‍ ഇത്രയും വലിയ ഇടിവ് ഉണ്ടായിട്ടില്ല. വാണിജ്യ വാഹന വില്പനയും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനം കുറഞ്ഞു. ഇരുചക്രവാഹന വിപണിയില്‍ ചെറിയ വര്‍ധനവുണ്ടെങ്കിലും 2018നെക്കാള്‍ താഴെയാണ്. 

മധ്യവര്‍ഗം അഭിവൃദ്ധിപ്രാപിക്കുകയും ഏറ്റവും വിലകുറഞ്ഞ കാറുകളില്‍ നിന്നും ഇരുചക്ര വാഹനങ്ങളില്‍ നിന്നും വിലകൂടിയ എസ‍്‍യുവികളിലേക്ക് മാറുകയാണെന്നും ചില കമ്പനികളുടെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍മാര്‍ പറയുന്നുണ്ട്. എന്നാല്‍ മാരുതി ഉദ്യോഗ് ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ ഈ അവകാശവാദം പൂര്‍ണമായും തള്ളിക്കളയുന്നു. സമ്പന്നരാണ് കൂടുതല്‍ വാഹനങ്ങള്‍ വാങ്ങുന്നത്. ഇടത്തരക്കാര്‍ വലിയ വരുമാന സ്തംഭനത്തിലാണ്. ജിഡിപി വളര്‍ച്ച കരകയറി വരുന്നതേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പതിറ്റാണ്ടായി ഗ്രാമങ്ങളിലെ കൂലിയും ഉപഭോഗ മുരടിപ്പും തുടരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫിസ് ഡാറ്റ പറയുന്നത്, ഒരു ദശാബ്ദത്തോളമായി ഉപഭോഗ വളര്‍ച്ച പ്രതിവര്‍ഷം ഏകദേശം 3.5ശതമാനം ആണെന്നാണ്. ഇത് ഡിജിപി വളര്‍ച്ചയുടെ പകുതിയാണ്. ഈ പ്രതിഭാസം വിശദീകരിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് കഴിയുന്നില്ല. ഗാര്‍ഹിക സമ്പാദ്യവും കുറയുന്നു. ഇതിനെല്ലാം കാരണം ജിഡിപി വളര്‍ച്ച പെരുപ്പിച്ചുകാട്ടിയതാകാമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
അമേരിക്കന്‍ പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കുപ്രകാരം 2010ല്‍ ഇന്ത്യയുടെ മധ്യവര്‍ഗം ഏകദേശം 50 ദശലക്ഷത്തിനും 70 ദശലക്ഷത്തിനും ഇടയിലായിരുന്നു. 2020ല്‍ അത് 150 ദശലക്ഷത്തിനും 200നും ഇടയിലായി വളര്‍ന്നതായും കണക്കുകള്‍ പറയുന്നു.

Exit mobile version