ഡൽഹി തുർക്ക്മാൻ ഗേറ്റിന് സമീപം മസ്ജിദ് സയ്യിദ് ഇലാഹിയോട് ചേർന്നുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെച്ചൊല്ലി വൻ സംഘർഷം. സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയോടെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പൊളിക്കൽ നടപടികൾ ആരംഭിച്ചതാണ് നാടകീയമായ രംഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്. രാംലീല മൈതാനത്തോടു ചേർന്നുള്ള സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
രാവിലെ എട്ട് മണിയോടെ ഒഴിപ്പിക്കൽ തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുലർച്ചെ 1.30ന് തന്നെ ബുൾഡോസറുകളുമായി അധികൃതർ എത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പള്ളിയുടെ ഭാഗങ്ങൾ തകർക്കുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിലവിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പത്തിലധികം കമ്പനി പൊലീസിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഒഴിപ്പിക്കൽ നടപടികൾ തടയാൻ കഴിഞ്ഞില്ല.

