Site iconSite icon Janayugom Online

ശ്രീലങ്കയില്‍ സൈനിക നടപടി; കൂടാരങ്ങള്‍ ഒഴിപ്പിച്ചു; പ്രധാനമന്ത്രിയായി ദിനേശ് ഗുണവര്‍ധന

റെനില്‍ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ശ്രീലങ്കയില്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്ക് മുന്നിലെ ക്യാമ്പുകളില്‍ സൈനിക നടപടി. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകള്‍ തകര്‍ത്തു. പ്രതിസന്ധിയില്‍ വട്ടം തിരിയുന്ന ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മുതിര്‍ന്ന നേതാവ് ദിനേശ് ഗുണവര്‍ധനയെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ നിയമിച്ചു. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥാനമൊഴിഞ്ഞ രാജപക്സെ കുടുംബത്തോട് അടുപ്പമുള്ള നേതാവാണ് ഗുണവര്‍ധനെ. എഴുപത്തിമൂന്നുകാരനായ ഗുണവര്‍ധനെ നേരത്തെ വിദേശമന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോതബായ രാജപക്സെയ്ക്കു കീഴില്‍ കഴിഞ്ഞ ഏപ്രിലില്‍ ആഭ്യന്തരമന്ത്രിയായി നിയമിതനായി. റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പ്രസിഡന്റ് ആയി ചുമതലയേറ്റതോടെ പ്രധാനമന്ത്രി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പുലര്‍ച്ചെയോടെയായിരുന്നു സൈനിക നടപടി. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകര്‍ക്ക് നേരെ ലാത്തിചാര്‍ജുണ്ടായി. അമ്പതോളം പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പ്രസിഡന്റ് ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു. പല സര്‍ക്കാര്‍ മന്ദിരങ്ങളുടെയും നിയന്ത്രണം ഇതിനോടകം പ്രക്ഷോഭകരില്‍ നിന്നും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു.

ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകര്‍ പൂര്‍ണമായി ഒഴിയണമെന്നാണ് നിര്‍ദേശം. പ്രതിസന്ധിയില്‍ വട്ടം തിരിയുന്ന ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മുതിര്‍ന്ന നേതാവ് ദിനേശ് ഗുണവര്‍ധനയെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ നിയമിച്ചു. പ്രക്ഷോഭം നടത്തുന്നവര്‍ രാജ്യത്തിന്റെ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകള്‍ പൂര്‍ണമായി ഒഴിയണമെന്ന് പ്രസിഡന്റ് റനില്‍ വിക്രമസിംഗ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് സൈനിക നടപടി.

Eng­lish sum­ma­ry; Mil­i­tary action in Sri Lan­ka; The tents were evac­u­at­ed; Dinesh Gunawar­de­na as Prime Minister

You may also like this video;

Exit mobile version