Site iconSite icon Janayugom Online

അഡാനി-രാംദേവ് കമ്പനികള്‍ക്ക് സൈനികഭൂമി കൈമാറി

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സൈനിക പരിശീലനത്തിനായി വിജ്ഞാപനം ചെയ്ത ഭൂമി അഡാനി-രാംദേവ് കമ്പനികള്‍ സ്വന്തമാക്കി. വിജ്ഞാപനം രഹസ്യമായി പിന്‍വലിച്ചാണ് സൈന്യത്തിനായി നീക്കിവച്ച ഏക്കര്‍ കണക്കിന് സുപ്രധാന ഭൂമിയിലെ ഒരുഭാഗം കുത്തക കമ്പനികളുടെ അധീനതയിലാകാന്‍ സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കിയത്. സൈനിക പരിശീലനത്തിന് വിജ്ഞാപനം ചെയ്ത ഭൂമി, ആദിത്യനാഥ് സര്‍ക്കാര്‍ രഹസ്യമായി ഡി നോട്ടിഫൈ (പുനര്‍വിജ്ഞാപനം) ചെയ്ത് മോഡിയുടെ ചങ്ങാതിമാര്‍ക്ക് തീറെഴുതുകയായിരുന്നു. പുനര്‍വിജ്ഞാപനം ചെയ്ത ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാം എന്നതിന്റെ മറവിലാണ് അയോധ്യ വികസന അതോറിട്ടി (എഡിഎ) അഡാനി-രാംദേവ് കമ്പനികള്‍ക്ക് വളഞ്ഞ വഴിയിലൂടെ നല്‍കിയത്. ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള ഇരു കമ്പനികളുടെയും പരസ്യം പ്രദേശിക മാധ്യമങ്ങളില്‍ ഈ മാസം ആറിനാണ് പ്രത്യക്ഷപ്പെട്ടതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റ് വാര്‍ത്തയില്‍ പറയുന്നു.

അഡാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഹോംക്വസ്റ്റ് ഇന്‍ഫ്രാസ്പേസ്, രാംദേവ് ട്രസ്റ്റായ ഭാരത് സ്വാഭിമാന്‍ എന്നീ സ്ഥാപനങ്ങളാണ് നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങുന്നത്. ഹോംക്വസ്റ്റ് ഗ്രൂപ്പ് മജ്ഹ ജംതാര എന്ന പേരില്‍ വില്ലകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ ക്ഷേത്ര പരിസരത്ത് ഇവര്‍ വാങ്ങിയതിനോട് ചേര്‍ന്നാണ് ഇപ്പോഴത്തെ ഭൂമിയുമുള്ളത്. വ്യക്തി വികാസ് കേന്ദ്ര, ആര്‍ട് ഓഫ് ലിവിങ് സെന്റര്‍ എന്നിവയാണ് സ്വാഭിമാന്‍ ട്രസ്റ്റ് ആവിഷ്കരിക്കുക. അയോധ്യ രാമക്ഷേത്രത്തിന് സമീപത്തെ 14 വില്ലേജുകളിലായി ആകെ 5,419 ഹെക്ടര്‍ (13,391 ഏക്കര്‍) ഭൂമിയാണ് സൈനിക പരിശീലനത്തിനായി 2020 ഓഗസ്റ്റില്‍ ഗവര്‍ണര്‍ വിജ്ഞാപനം ചെയ്തത്. കരസേനയുടെ ഫയറിങ് ഫീല്‍ഡ് പരിശീലനത്തിനായിരുന്നു ഭൂമി മാറ്റിവച്ചത്. ഇതില്‍ നിന്നുള്ള 894.7 ഹെക്ടര്‍ (2,211 ഏക്കര്‍) ഭൂമിയാണ് വിട്ടുനല്‍കിയത്.

2025 ജൂലെെ വരെ നിലനിന്ന വിജ്ഞാപനമാണ് കുത്തക കമ്പനികള്‍ക്കായി ബിജെപി സര്‍ക്കാര്‍ പുനര്‍വിജ്ഞാപനം ചെയ്തത്. ആദ്യവിജ്ഞാപനത്തില്‍ നിര്‍മ്മാണ‑വാണിജ്യവല്‍ക്കരണ നടപടികള്‍ കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ വിജ്ഞാപനം രഹസ്യമായി പിന്‍വലിച്ച് അയോധ്യാവികസന അതോറിട്ടിക്ക് കൈമാറിയതോടെ വ്യവസ്ഥകള്‍ ഇല്ലാതായി. ഭൂമി പുനര്‍വിജ്ഞാപനം ചെയ്ത നടപടി ചോദ്യം ചെയ്ത് പ്രവീണ്‍ കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേട്ട അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന് മുമ്പാകെ നിര്‍ദിഷ്ട ഭൂമിയില്‍ വാണിജ്യ‑നിര്‍മ്മാണ പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ നവംബറില്‍ എഡിഎ ബോധിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് 894.7 ഹെക്ടര്‍ ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് ആദിത്യനാഥ് സര്‍ക്കാര്‍ രഹസ്യമായി വിട്ടുനല്‍കിയതെന്നും വാര്‍ത്തയിലുണ്ട്.

Eng­lish Sum­ma­ry: Mil­i­tary land hand­ed over to Adani-Ramdev companies
You may also like this video

YouTube video player
Exit mobile version