Site iconSite icon Janayugom Online

ഉരുള്‍പൊട്ടല്‍ ദുരിതത്തിലായ വയനാട്ടിലെ ക്ഷീരമേഖലയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് എന്‍ഡിഡിബിക്ക് നന്ദി പറഞ്ഞ് മില്‍മ

milmamilma

ഉരുള്‍പൊട്ടല്‍ ദുരിതത്തിലായ വയനാട് ജില്ലയിലെ ക്ഷീരമേഖലയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് ദേശീയ ക്ഷീര വികസന ബോര്‍ഡിന് (എന്‍ഡിഡിബി) നന്ദി രേഖപ്പെടുത്തി മില്‍മ. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചും ക്ഷീരമേഖലയിലുണ്ടായ കനത്ത ആഘാതത്തെക്കുറിച്ചും മില്‍മ ചെയര്‍മാന്‍ കെ എസ് മണി എന്‍ഡിഡിബി ചെയര്‍മാന്‍ മീനേഷ് സി ഷായെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കന്നുകാലികള്‍ക്കായി ഒരു കോടി രൂപ വിലമതിക്കുന്ന 450 ടണ്‍ സമീകൃത കാലിത്തീറ്റ മിശ്രിതവും 100 ടണ്‍ സൈലേജും എന്‍ഡിഡിബി അനുവദിച്ചു. ദുരന്തം 7000 ത്തിലധികം കന്നുകാലിളെ ബാധിക്കുകയും 1000 ഹെക്ടറിലധികം മേച്ചില്‍ പ്രദേശങ്ങള്‍ നശിക്കുകയും ചെയ്തു. പാല്‍ ഉല്പാദനത്തില്‍ പ്രതിദിനം 20,000 ലിറ്ററിലധികം നഷ്ടമാണ് സംഭവിച്ചത്.

കേരളത്തിലെ മുന്‍നിര പാല്‍ ഉല്പാദന മേഖലയായ വയനാടിന്റെ ക്ഷീരമേഖലയുടെ പുനരുദ്ധാരണത്തിന് എന്‍ഡിഡിബിയുടെ പിന്തുണ മീനേഷ് സി ഷാ വാഗ്ദാനം ചെയ്തു. ക്ഷീരമേഖലയുടെ സുസ്ഥിരമായ വീണ്ടെടുക്കലും വളര്‍ച്ചയും സാധ്യമാക്കുന്നതിന് വയനാട്ടിലെ ക്ഷീരകര്‍ഷക സമൂഹത്തെ പിന്തുണയ്ക്കാന്‍ എന്‍ഡിഡിബി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം മില്‍മ ചെയര്‍മാന് ഉറപ്പുനല്‍കി. ക്ഷീരമേഖലയുടെ സുസ്ഥിരമായ വീണ്ടെടുക്കലിന് തുടര്‍പിന്തുണയും എന്‍ഡിഡിബി വാഗ്ദാനം ചെയ്തു. ദുരിതം സാരമായി ബാധിച്ച ക്ഷീരകര്‍ഷകര്‍ക്ക് മില്‍മയുടെ മലബാര്‍ മേഖല യൂണിയന്‍ വഴിയാണ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്തത്. വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് സഹായവുമായി അതിവേഗം എത്തിയ എന്‍ഡിഡിബിയുടെ പ്രവര്‍ത്തനത്തിന് മില്‍മയും മലബാര്‍ മേഖല യൂണിയനും നന്ദി അറിയിക്കുന്നതായി മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

എന്‍ഡിഡിബിയുടെ സമയോചിതമായ സഹായം സുസ്ഥിരമായ ക്ഷീരോല്പാദന പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മയും മൂന്നു മേഖലായൂണിയനുകളും ചേര്‍ന്ന് 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

Exit mobile version