Site icon Janayugom Online

കോവിഡ് പ്രതിസന്ധിയിലും മില്‍മയുടെ വിറ്റുവരവില്‍ 25 ശതമാനം വര്‍ധന

Milma-rich

കോവിഡ് പ്രതിസന്ധിയിലും പാല്‍ സംഭരണത്തിലും വില്‍പ്പനയിലും നേട്ടം കൊയ്ത് മില്‍മ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 25 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ സംഭരണവില കുറയ്ക്കാതെയും വില്പനവില വര്‍ധിപ്പിക്കാതെയും മില്‍മയ്ക്ക് ഉയര്‍ന്ന വിറ്റുവരവ് നേടാനായി എന്നത് ശ്രദ്ധേയമാണ്. 4300 കോടി രൂപയാണ് 2021 — 22 ലെ മില്‍മയുടെ പ്രൊവിഷണല്‍ വിറ്റുവരവ്. കോവിഡ് ലോക്ഡൗണ്‍ ഘട്ടത്തില്‍ പാല്‍ ശേഖരണത്തിലും വിതരണത്തിലുമുണ്ടായ തടസങ്ങള്‍ മില്‍മ വേഗത്തില്‍ മറികടന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2020–21 ല്‍ പാലി ശരാശരി പ്രതിദിന സംഭരണം 13,50,656 ലിറ്റര്‍ ആയിരുന്നത് 12.52 ശതമാനം വര്‍ധിച്ച് 15,19,737 ലിറ്ററായി. പ്രതിദിന ശരാശരി പാല്‍ വില്‍പ്പന 2020–21 ല്‍ 13,09,868 ലിറ്ററായിരുന്നത് 2021–22 ല്‍ 9.14 ശതമാനം വര്‍ധിച്ച് 14,29,654 ലിറ്ററായി.

സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലും പിന്തുണയും ക്ഷീരമേഖല വന്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത് ഒഴിവാക്കാനും സഹായിച്ചു. മലബാര്‍ മേഖലയില്‍ അധികം വരുന്ന പാല്‍ പൊടിയാക്കി മാറ്റുന്നതിനായി 53.93 കോടി ചെലവഴിച്ച് മലപ്പുറം മൂര്‍ക്കനാട് ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. ഈ പദ്ധതിക്കു വേണ്ടി സ്റ്റേറ്റ് പ്ലാന്‍ ഫണ്ട് വഴി 15 കോടി രൂപ അനുവദിച്ചു. വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെടിഡിസി, സപ്ലൈകോ, കുടുംബശ്രീ, കെഎസ്ആര്‍ടിസി, ദേവസ്വം ബോര്‍ഡ് തുടങ്ങിയ വിവിധ വകുപ്പുകളുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മില്‍മ നടത്തിവരുന്നുണ്ട്.

Eng­lish Summary:Milma’s turnover ris­es 25% despite covid crisis
You may also like this video

Exit mobile version