Site iconSite icon Janayugom Online

വീട്ടുമുറ്റത്ത് പൂന്തോട്ടത്തിന് പകരം മിനി മോഡൽ നെൽകൃഷി

വ്യത്യസ്ത അലങ്കാരച്ചെടികളും വിവിധ നിറത്തിലുള്ള പൂക്കളുള്ള ചെടികൾക്കും പകരം വീട്ടുമുറ്റത്ത് നെൽകൃഷി പാടശേഖരം ഒരുക്കി വ്യത്യസ്തനാകുകയാണ് സെബാസ്റ്റ്യൻ എന്ന കർഷകൻ. വൈറ്റ് കോളർ ജോലികളുടെ പിന്നാലെ പായുന്ന പുത്തൻ തലമുറയ്ക്ക് മാതൃക കൂടിയാണ് മിനി നെൽകൃഷി. കിടങ്ങൂർ കടപ്പൂർ മുതുക്കാട്ടിൽ വീട്ടിൽ കുട്ടപ്പൻ എന്നറിയപ്പെടുന്ന സെ­ബാസ്റ്റ്യൻ തോമസിന്റെ വീടിനു മുറ്റത്താണ് നെൽകൃഷി ഒരുക്കിയത്. 

വീടിന്റെ പ്രവേശനഭാഗത്തെ മതിലിന് ഇരുവശത്തും 25000 രൂപ ചെലവഴിച്ച് പുൽത്തകിടി നട്ടുപ്പിടിപ്പിച്ചിരുന്നു. ഇവ മഴയിൽ നശിച്ചുപോയതോടെ, അത് മാറ്റി വ്യത്യസ്ത നിറത്തിലുള്ള സീലിയ ചെടികൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി, ഓൺലൈനിലെ പരസ്യം കണ്ട് വിത്ത് വാങ്ങി പാകിയെങ്കിലും മുളച്ചില്ല. തുടർന്നാണ് നെൽച്ചെടി നട്ടുപിടിപ്പിക്കുകയെന്ന ആശയത്തിലെത്തിയത്. വ്യത്യസ്തമായ കാർഷിക വിളകൾ ഒരുക്കുന്ന സൊബാസ്റ്റ്യൻ പരീക്ഷണാർത്ഥമാണ് നെൽച്ചെടിയിലെത്തിയത്. 

നെൽകൃഷി ചെയ്യുന്നുണ്ടെങ്കിലും പാടശേഖരത്തിലെ മണ്ണ് എടുക്കാതെ, മതിലിന്റെ ഇരുവശവും വൃത്തിയാക്കി, മണ്ണ് ഇളക്കി ഡി-വൺ വിത്ത് പാകി. കരനെൽകൃഷി പാടശേഖരത്തിലേതിനെക്കാൾ പ്രയാസമേറിയതാണ്. വെള്ളം നിലനിൽക്കാത്തതിനാൽ ഒരു ദിവസം മൂന്ന് നേരം ഇവയ്ക്ക് വെള്ളം നനച്ചിരുന്നു. രാസവള, കീടനാശിനി പ്രയോഗമില്ല. ജനുവരി ആദ്യമാണ് കൃഷിയൊരുക്കിയത്. വരും ദിവസം വിളവെടുക്കാറാകുമെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. വീട്ടുമുറ്റത്തൊരുക്കിയ നെൽകൃഷി കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും നിരവധിപേർ എത്തുന്നുണ്ട്. വരും വർഷവും കൃഷി ചെയ്യണമെന്ന ആഗ്രഹമുണ്ടെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. ഭാര്യ: നിഷ, മകൻ ടോംസ്, മരുമകൾ സാൻഡ്രാ, കൊച്ചുമകൾ നദാനിയ മറിയം എന്നിവരുടെ പൂർണ പിന്തുണയുമുണ്ട്. 

Eng­lish Summary:Mini mod­el pad­dy cul­ti­va­tion instead of back­yard garden
You may also like this video

Exit mobile version