Site iconSite icon Janayugom Online

മന്ത്രി ജി ആര്‍ അനിലിന്റെ ഇടപെടല്‍ ഫലം കണ്ടു: നെല്ലിന്റെ താങ്ങുവില കുടിശ്ശിക അനുവദിച്ചു

സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായി താങ്ങുവില ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന കുടിശ്ശികയായ 852.29 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ 2019–20, 2020–21 വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 116 കോടി രൂപ ഉള്‍പ്പെടുന്നു. ഇതോടെ നെല്ല് സംഭരണ പദ്ധതിപ്രകാരം താങ്ങുവിലയായി (മിനിമം സപ്പോര്‍ട്ട് പ്രൈസ്) കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് കേന്ദ്രത്തില്‍ നിന്നും കുടിശ്ശികയൊന്നും ലഭിക്കാനില്ല എന്ന ബിജെപിയുടേയും പ്രതിപക്ഷമായ യുഡിഎഫ്ന്റെയും വാദങ്ങള്‍ ജനങ്ങളെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് വ്യക്തമായി. 

നെല്ല് സംഭരണ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഏജന്‍സിയായ സപ്ലൈകോ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ല് സംസ്കരിച്ച് അരിയാക്കി റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതിന് ശേഷം മാത്രമെ താങ്ങുവില ലഭിക്കുന്നതിനുള്ള ക്ലയിം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയുള്ളു. ഈ പ്രക്രിയ പൂര്‍ത്തിയാവാന്‍ 6 മുതല്‍ 8 മാസം വരെ കാലതാമസമുണ്ടാകും. ഈ താമസം കൂടാതെ കര്‍ഷകര്‍ക്ക് സംഭരണ വില ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ബാങ്കുകള്‍ മുഖേന പി.ആര്‍.എസ് വായ്പയായി സപ്ലൈകോയുടെ ഗ്യാരന്റിയില്‍ കര്‍ഷകര്‍ക്ക് തുക ലഭ്യമാക്കുകയും സര്‍ക്കാരില്‍ നിന്ന് തുക ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ തന്നെ ബാങ്ക് വായ്പ തിരിച്ചടവ് വരുത്തുകയും ചെയ്യുന്നത്. 

എന്നാല്‍ യഥാസമയം കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില അനുവദിക്കാത്തതിനാല്‍ വായ്പാ തിരിച്ചടവിന് കാലതാമസം വരുകയും ബാങ്കുകള്‍ പലപ്പോഴും പുനര്‍വായ്പ അനുവദിക്കുന്നതിന് വിമുഖത കാണിക്കുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞ സംഭരണ സീസണില്‍ നെല്‍ കര്‍ഷകര്‍ക്ക് വില നല്‍കുന്നതിന് കാലതാമസമുണ്ടായത്. ഇത് കര്‍ഷകരെ വലിയ തോതില്‍ പ്രയാസത്തിലാക്കുകയുണ്ടായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച മറച്ചു വച്ചു കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിചാരാനാണ് യുഡിഎഫും ബിജെപി യും ശ്രമിച്ചത്. ഇപ്പോള്‍ സത്യം വെളിച്ചത്ത് വന്നിരിക്കുന്നു. 

അന്യായമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകന് കിട്ടേണ്ട തുക തടഞ്ഞു വയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സാങ്കേതിക സംവിധാനമായ മാപ്പര്‍ റിപ്പോര്‍ട്ടില്‍ വന്ന പിഴവുകളുടെ പേരിലും വലിയ തുക തടഞ്ഞു വച്ചിട്ടുണ്ട്. ഇപ്പോള്‍ അനുവദിച്ചത് കൂടാതെ 756.25 കോടി രൂപയുടെ ക്ലയിം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. ഇത് അനുവദിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചെലത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്കു പുറമെ കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്.

Eng­lish Summary:Minister GR Anil’s inter­ven­tion paid off: sup­port price for pad­dy arrears was sanctioned
You may also like this video

Exit mobile version