Site icon Janayugom Online

ഡിജിറ്റൽ റീസർവേക്ക് നടപടികളാരംഭിച്ചു: മന്ത്രി കെ രാജൻ

സംസ്ഥാനത്തു റീസർവേ നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിലേക്ക് 807 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയതായി മന്ത്രി കെ രാജൻ. പത്തനംതിട്ട പ്രസ് ക്ളബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോറസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും പദ്ധതി നടപ്പാക്കും. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 28 സ്ഥലങ്ങളിൽ ഇതിനായി വലിയ ടവറുകൾ നിർമ്മിക്കുന്നതിനു ടെൻഡറായി. ആദ്യഘട്ടത്തിൽ 400 വില്ലേജുകളെയാണ് സംവിധാനത്തിനു കീഴിൽ കൊണ്ടുവരിക. ഏകീകൃത തണ്ടപ്പേര് സംവിധാനം ഇതിലൂടെ നടപ്പാക്കും.

വസ്തു ഇടപാടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഒരാളുടെ പേരിലുള്ള മുഴുവൻ വസ്തുക്കളുടെയും വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാകും. ഭൂമി സംബന്ധ വിവരങ്ങൾക്ക് ഓഫീസുകളിലേക്ക് ആളുകൾക്ക് നേരിട്ടു വരേണ്ടതില്ലായെന്നതാണ് ഇതിന്റെ മെച്ചം. സർവേ പൂർത്തിയാകുന്നതോടെ ഭൂമി രജിസ്റ്റർ ചെയ്യുന്നവർക്ക് പോക്കുവരവ് ചെയ്യുന്നതിനും സാധിക്കും. ജനങ്ങൾക്ക് സ്മാർട്ട് സേവനങ്ങൾ നൽകുക എന്നത് സർക്കാരിന്റെ നയമാണ്. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ ഉൾപ്പെടെ ഭൂമി തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് 49 കേസുകളാണ് നിലവിലുള്ളത്.

ഇതിൽ ഒമ്പത് കേസുകൾ കോടതിയുടെ മുന്നിലെത്തി. ആറു മാസത്തിനുള്ളിൽ മുഴുവൻ കേസുകളും കോടതിയിലെത്തുമെന്നും മന്ത്രി അറിയിച്ചു. സർവേ നടപടികൾക്ക് സർവേയർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനു നടപടികളെടുത്തിട്ടുണ്ട്. താലൂക്ക് ലാൻഡ് ബോർഡുകൾ പുനഃസംഘടിപ്പിച്ച് അധികഭൂമി കൈവശംവച്ചവരിൽ നിന്നു തിരികെ പിടിക്കാൻ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറിൽ ഡാം വേണം

മുല്ലപ്പെരിയാറിൽ ഡാം വേണമെന്ന ഉറച്ച നിലപാട് തന്നെയാണ് സർക്കാരിനുള്ളതെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ, സുപ്രീം കോടതി, തമിഴ്‌നാട്, വിദഗ്ധ സമിതി എന്നിവർക്ക് മുമ്പിലും ഇതേ നിലപാടാണ് സർക്കാർ ഉന്നയിച്ചിട്ടുള്ളത്. ഡാം തുറക്കുക എന്നത് ഒരു വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ല. വകുപ്പ് സെക്രട്ടറിമാർ, ശാസ്ത്രജ്ഞർ തുടങ്ങിവർ ചേർന്ന സംഘമാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്.  അപ്രതീക്ഷിതമായുണ്ടായ ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴക്കെടുതികളാണ് സംസ്ഥാനത്തുണ്ടായത്. കാലവർഷത്തിന് ശേഷം ഇടവേളയില്ലാതെ തുലാവർഷം എത്തുന്നതുപോലെയുള്ള അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് ദുരന്തങ്ങൾ ഉണ്ടാക്കിയത്.

കാലാവസ്ഥ കേന്ദ്രങ്ങളുടെയും മൂന്നോളം കേന്ദ്ര വിദഗ്ധ സമിതികളുടെയും അഭിപ്രായം തേടിക്കൊണ്ടാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ദുരന്തങ്ങളെ നേരിടാൻ കേരളം ഇന്ന് സജ്ജമാണ്. ഡാമുകൾ തുറന്നപ്പോൾ സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളാണ് നടത്തിയത്. പ്രത്യേകിച്ച് മുല്ലപ്പെരിയാർ ഡാം തുറന്നപ്പോൾ. കൃത്യമായ ഇടവേളകൾ നൽകി ഡാം തുറന്നതുവഴി വെള്ളപ്പൊക്കം പോലെയുള്ള കെടുതികൾ ഇത്തവണ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു.

ENGLISH SUMMARY:Minister K Rajan launch­es dig­i­tal reserve
You may also like this video

Exit mobile version