Site icon Janayugom Online

വയനാട് ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക യജ്ഞം നടത്തും: മന്ത്രി കെ രാജന്‍

വയനാട് ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യജ്ഞം നടത്തുമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂപ്രശ്‌നങ്ങള്‍ ഗൗരവമായെടുത്ത് നിശ്ചിത സമയം പ്രഖ്യാപിച്ച് മുന്നോട്ട് പോകാനാണ് അലോചിക്കുന്നത്.

കാരാപ്പുഴ ഇറിഗേഷന്‍ പദ്ധതിക്ക് വേണ്ടി കുടി ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ഡ്രൈവിന്റെ ഭാഗമായി ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കും. അതുപോലെ മാനന്തവാടി, തവിഞ്ഞാല്‍, പേരിയ പ്രദേശങ്ങളില്‍ മിച്ചഭൂമിയായി കണ്ടെത്തിയ ഭൂമി പിടിച്ചെടുത്ത് കൈവശക്കാര്‍ക്ക് നല്‍കുന്നതിനുളള നടപടിയും ഇക്കാലയളവില്‍ ഉണ്ടാകും. സര്‍വ്വെ നടപടിയടക്കമുളള കാര്യങ്ങള്‍ക്കായി പ്രത്യേക സംഘത്തെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭവന നിര്‍മ്മാണത്തിനും മറ്റും കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളിലെ നടപടികള്‍ വേഗത്തിലാക്കുന്നതിന് ജില്ലാ കലക്ടര്‍ ഇതിനകം നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. നയപരമായ കാര്യങ്ങളിലെ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും.

ഫയല്‍ തീര്‍പ്പാക്കാന്‍ അദാലത്ത് സംഘടിപ്പിക്കും

റവന്യൂ സെക്രട്ടറിയറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെയുളള റവന്യൂ വകുപ്പിന്റെ കീഴിലുളള മുഴുവന്‍ ഓഫീസുകളിലും ഫയല്‍ തീര്‍പ്പാക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 22 മുതല്‍ പത്ത് ദിവസം വകുപ്പ് മന്ത്രിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ റവന്യൂ സെക്രട്ടറിയറ്റിലുളള ഫയലുകള്‍ തീര്‍പ്പാക്കും. തുടര്‍ച്ചയായി ഒക്‌ടോബര്‍ 15 നകം ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ അദാലത്ത് നടത്തും. ഒക്‌ടോബര്‍ മാസം അവസാനത്തോടെ കളക്‌ട്രേറ്റുകളിലെ അദാലത്തുകള്‍ പൂര്‍ത്തീകരിക്കും. നവംബര്‍ മാസത്തില്‍ താലൂക്ക് ഓഫീസുകളിലും ഡിസംബര്‍ 31 നകം വില്ലേജ് ഓഫീസ് തലത്തിലും ഫയല്‍ അദാലത്ത് നടത്തും.

താലൂക്ക് തലങ്ങളില്‍ അദാലത്തിന് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കും. വില്ലേജുകളില്‍ ചുരുങ്ങിയത് ഒരു ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. അദാലത്തിലൂടെ റവന്യൂ വകുപ്പില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന പരമാവധി ഫയലുകള്‍ തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനത്തിന് ഒരു പൊതു കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. 

അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കും. കൈവശരേഖയുളളവര്‍ക്ക് മാത്രം പട്ടയം നല്‍കുന്നതിലുപരി ഭൂരഹിതായ പരമാവധി ആളുകളെ ഭൂമിയുടെ അവകാശികളാക്കുന്നതിനുളള നടപടികളാണ് നടത്തുന്നത്. ഇതിനായി മിച്ചഭൂമി ഉള്‍പ്പെടെ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കും. ഇതിനായി ജില്ലകളിലെ ലാന്റ് ട്രൈബൂണലുകളെയും താലൂക്ക് ലാന്റ് ബോര്‍ഡുകളെയും ക്രിയാത്മകാമാക്കി ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കുന്നതിനുളള നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വയനാട് ജില്ലയിലെ താലൂക്ക് ലാന്റ് ബോര്‍ഡുകളില്‍ നിലനില്‍ക്കുന്ന 206 ഓളം കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തീരിക്കാനുളള സമയക്രമം ഉണ്ടാക്കും. ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ അധികമായി ഭൂമി കണ്ടെത്തിയ 49 പേര്‍ക്ക് എതിരായി നിയമനടപടികള്‍ സ്വീകരിച്ച് വരികയാണ്. ഏഴ് കേസുകള്‍ ഇതിനകം ഫയല്‍ ചെയ്തു കഴിഞ്ഞു. മറ്റ് കേസുകളും ഫയല്‍ ചെയ്യുന്നതിനുളള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

സര്‍വ്വെ നടപടികള്‍ വേഗത്തിലാക്കും

സംസ്ഥാനത്ത് നാല് കൊല്ലം കൊണ്ട് ഡിജിറ്റല്‍ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കും. 400 വീതം വില്ലേജുകളില്‍ ആദ്യത്തെ മൂന്ന് വര്‍ഷവും നാലാം വര്‍ഷം ബാക്കിയുളള 380 വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വ്വെ നടത്തുന്നതിനുളള ഡി.പി.ആര്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. സെന്റര്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായവും ഇക്കാര്യത്തില്‍ ലഭിക്കും. ഡിജിറ്റല്‍ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ 807 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ റീ ബില്‍ഡ് കേരളയിലൂടെയാണ് ചെലവിടുന്നത്. 339 കോടിയുടെ പ്രാഥമിക അനുമതി ഇതിനകം നല്‍കി കഴിഞ്ഞു.

സെന്റര്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ 12 കോടിയുടെ ടെണ്ടര്‍ ഒക്‌ടോബര്‍ 1 ന് തുറക്കുന്നതോടെ കേരളത്തിലെ 28 സ്ഥലങ്ങളില്‍ കോര്‍സ് സാങ്കേതിക വിദ്യയുടെ സിഗ്‌നല്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. സര്‍വ്വെയുടെ 70 ശതമാനം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നടത്തുക. അല്ലാത്ത സ്ഥലങ്ങളില്‍ ഇ.ടി.എസ് ഉപകരണങ്ങള്‍ ഉപയോഗിക്കും. സംസ്ഥാനത്ത് കേന്ദ്ര പദ്ധതിയാണ് നടപ്പാക്കുന്നതെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം ഷാജു എന്‍.ഐ, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാര്‍ മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry : Min­is­ter K Rajan says land issues in wayanad will be resolved 

You may also like this video :

Exit mobile version