സംസ്ഥാനത്ത് കാലാകാലങ്ങളായി നിലനിന്നിരുന്ന പട്ടയ പ്രശ്നങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് ഗണ്യമായ പരിഹാരം കാണാന്‍ സാധിച്ചതായി സംസ്ഥാന റവന്യൂമന്ത്രി കെ രാജന്‍.സംസ്ഥാനതല പട്ടയ വിതരണ മേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി രാജന്‍. തൃശൂർ താലൂക്കിലെ മലയോര മേഖലയിൽ 2011–16 കാലയളവിൽ കേവലം 18 പട്ടയങ്ങൾ മാത്രം വിതരണം ചെയ്ത സ്ഥാനത്ത്, ഈ ചുരുങ്ങിയ കാലയളവിൽ 2634 പട്ടയങ്ങൾ നൽകാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വനഭൂമിയുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുന്നതിനായി വനം വകുപ്പുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളുടെ ഫലമായി 4327 അപേക്ഷകൾ കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, വർഷങ്ങളായി നിലനിന്നിരുന്ന തീരദേശ ഭൂമിയിലെ പട്ടയ പ്രശ്നങ്ങൾക്കും പരിഹാരമായി. ചാവക്കാട് കടപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 1859 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പട്ടയം ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടര ലക്ഷം രൂപയായി ഉയർത്തി എന്നത് സുപ്രധാന തീരുമാനമായി മന്ത്രി ചൂണ്ടിക്കാട്ടി. 13 വർഷങ്ങൾക്ക് ശേഷം വരുത്തിയ ഈ മാറ്റം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു

