Site iconSite icon Janayugom Online

വയനാട് പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍

ഉരുള്‍പൊട്ടല്‍ ബാധിതരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി കൃത്യമായ പദ്ധതി തയ്യാറാക്കിയതായി റവന്യുമന്ത്രി കെ രാജൻ. പുനരധിവസിപ്പിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഉപകരണങ്ങൾ ഉറപ്പാക്കും. ദുരന്തബാധിതരെ എവിടേക്കെങ്കിലും മാറ്റുകയല്ല, കണ്ടെത്തിയ കെട്ടിടങ്ങൾ താമസിക്കാൻ പറ്റുന്നതാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പാക്കുമെന്നും മന്ത്രിസഭാ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
താമസിപ്പിക്കാന്‍ സജ്ജമാക്കുന്ന കെട്ടിട ങ്ങളുടെ വാടക സംബന്ധിച്ച നയം സർക്കാർ തയ്യാറാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളായ ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചായിരിക്കും പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയാക്കുക. 

സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി നിയോഗിച്ച ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞന്‍ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഉരുൾപൊട്ടൽ പ്രദേശങ്ങൾ ഇന്ന് പരിശോധിക്കും. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. അനുബന്ധ മേഖലകളിലെ അപകടസാധ്യതകളും വിലയിരുത്തും. ദുരന്തബാധിത പ്രദേശങ്ങള്‍ തുടര്‍ വാസയോഗ്യമാണോ എന്നടക്കമുള്ള കാര്യങ്ങളാകും പരിശോധിക്കുക.
സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടി കെ ദൃശ്യ, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രൊഫ. ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആന്റ് റിസ്ക് അനലിസ്റ്റ് പി പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിദഗ്ധ സമിതിയുടെ ആദ്യയോഗത്തിൽ മന്ത്രിമാരായ കെ രാജൻ, ഒ ആർ കേളു എന്നിവര്‍ക്ക് പുറമേ എഡിജിപി എം ആർ അജിത് കുമാർ, ഐജി കെ സേതുരാമൻ, ഡിഐ ജി തോംസൺ ജോസ്, സ്പെഷ്യൽ ഓഫിസർ സീറാം സാംബശിവറാവു, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ തുടങ്ങിയവരും പങ്കെടുത്തു. 

അതിനിടെ ദുരന്തത്തില്‍ രേഖകൾ നഷ്ടപ്പെട്ടവർക്ക് സേവന രേഖകൾ ലഭ്യമാക്കിത്തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ ക്യാമ്പയിനിലൂടെ 878 പേർക്ക് 1,162 അവശ്യസേവന രേഖകളാണ് രണ്ടുദിവസത്തിനിടെ വിതരണം ചെയ്തത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല ഉരുൾപൊട്ടലിൽ വിവിധ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് പകരം രേഖകൾ നൽകാൻ ജില്ലാ ഭരണകൂടത്തിന്റെയും ഐടി മിഷന്റെയും നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. റേഷൻ-ആധാർ കാർഡുകൾ, ബാങ്ക് പാസ് ബുക്ക്, വോട്ടർ ഐഡി, പാൻ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, മോട്ടോർ വാഹന ഇൻഷുറൻസ്, ഡ്രൈവിങ് ലൈസൻസ്, ഇ‑ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റ്, ജനന-മരണ‑വിവാഹ സർട്ടിഫിക്കറ്റുകൾ, തൊഴിൽ കാർഡ്, പെൻഷൻ മസ്റ്ററിങ്, യുഡിഐഡി, വിദ്യാഭ്യാസ രേഖകൾ ഉള്‍പ്പെടെയുള്ള പ്രാഥമിക രേഖകളാണ് രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തത്. സംസ്ഥാന ഐടി മിഷനോടൊപ്പം ബിഎസ്എൻഎൽ, കെഎസ്ഇബി, അക്ഷയ, വിവിധ വകുപ്പുകളും സഹകരിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. 

Eng­lish Summary:
Min­is­ter K Rajan says that there is no need to wor­ry about Wayanad rehabilitation

You may also like this video:

Exit mobile version