ഭൂരഹിതരില്ലാത്ത കേരളമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും അർഹരായ എല്ലാവരെയും ഭൂവുടമകളാക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍. രണ്ടുവർഷം കൊണ്ട് രണ്ടേകാൽ ലക്ഷം പട്ടയങ്ങളാണ് സർക്കാർ വിതരണം ചെയ്തത്. ഇപ്പോൾ മുപ്പതിനായിരത്തോളം പട്ടയങ്ങൾ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയായ 35 സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയ്യേറ്റവും കുടിയേറ്റവും ഒന്നായി കാണാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ദീർഘകാലമായി ഭൂമി കൈവശം വച്ചിരിക്കുന്ന പാവപ്പെട്ടവർക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ലഭിക്കുന്നതിന് ഏതെങ്കിലും നിയമങ്ങൾ തടസമാണെങ്കിൽ, ഭൂപരിഷ്കരണ നിയമത്തിനും ഭൂപതിവ് ചട്ടത്തിനും കോട്ടം വരുത്താതെ ആവശ്യമായ ഭേദഗതികൾ വരുത്തും. എന്നാൽ അനധികൃതമായി ഏക്കര്‍കണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്നവർ, എത്ര ഉന്നതരായാലും, സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂമിയുടെ ക്രയവിക്രയങ്ങളിലെ തട്ടിപ്പുകൾ തടയാൻ എന്റെ ഭൂമി എന്ന പേരിൽ ഇന്ത്യയിലാദ്യമായി ഇന്റഗ്രേറ്റഡ് പോർട്ടൽ നടപ്പിലാക്കിയത് കേരളമാണ്. പരാതികൾ കെട്ടിക്കിടക്കാതെ അതിവേഗം തീർപ്പാക്കാൻ കഴിയുന്ന വിധത്തിൽ റവന്യു വകുപ്പിനെ സമ്പൂർണ ഡിജിറ്റലൈസ്ഡ് വകുപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 1666 വില്ലേജുകളെ മുഴുവൻ സ്മാർട്ട് വില്ലേജ് ആക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഭരണാനുമതി ലഭിച്ച 692 വില്ലേജുകളിൽ 472 ഓഫിസുകളാണ് സ്മാർട്ട് വില്ലേജുകളായി പുനർ നിർമ്മിക്കപ്പെട്ടത്. ബാക്കിയുള്ള 220 വില്ലേജ് ഓഫിസുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, റവന്യു വകുപ്പിന്റെ പദ്ധതി വിഹിതം, എംഎൽഎ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തിയാണ് 692 സ്മാർട്ട് വില്ലേജ് ഓഫിസുകൾക്ക് ഭരണാനുമതി നൽകിയിട്ടുള്ളത്. വിവിധ മണ്ഡലങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ബന്ധപ്പെട്ട എംഎല്‍എമാര്‍ അധ്യക്ഷരായി.
English Summary: Minister K Rajan will make land available to all the landless
You may also like this video: