Site icon Janayugom Online

ഡിജിറ്റൽ റീസർവേ കൂടുതൽ കൃത്യതയുള്ളതാകും: മന്ത്രി കെ രാജന്‍

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിജിറ്റൽ സർവേയുടെ ഭാഗമായി സർവേ ഡയറക്ടറേറ്റിൽ സ്ഥാപിച്ച കണ്ടിന്യൂസ്‌ലി ഓപറേറ്റിങ് റഫറന്‍സ് സ്റ്റേഷന്‍ (കോര്‍സ്) കൺട്രോൾ സെന്റര്‍ റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കോര്‍സ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഡിജിറ്റൽ റീസർവേ കൂടുതൽ കൃത്യതയുള്ളതായി മാറുമെന്ന് മന്ത്രി പറഞ്ഞു. ഇന്റർനെറ്റ് വേഗതയിലെ വ്യതിയാനം, തടസങ്ങൾ എന്നിവ മൂലം ജിപിഎസിൽ ഉണ്ടാകുന്ന മാറ്റങ്ങളടക്കം പ്രതിരോധിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ റീസർവേ നടപടികൾ 1960കളിൽ തുടങ്ങിയെങ്കിലും കാര്യമായ മുന്നേറ്റം ഈ മേഖലയിൽ നടത്താൻ കഴിഞ്ഞില്ല. ഇതിന് പരിഹാരമായാണ് എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി എന്റെ ഭൂമി പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നൽകിയത്. സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവേ റെക്കോഡുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ബൃഹദ് പദ്ധതിയാണിത്. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 28 കോര്‍ സ്റ്റേഷനുകളെ നിയന്ത്രിക്കുന്നതിനായാണ് തിരുവനന്തപുരം ജില്ലയിലെ സർവേ, ഭൂരേഖ വകുപ്പ് ഡയറക്ടറേറ്റിൽ കോര്‍സ് കൺട്രോൾ റൂം സ്ഥാപിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജിയോ‌സ‌്പേഷ്യൽ ഡാറ്റ ആവശ്യമുള്ള എല്ലാ സർക്കാർ വകുപ്പുകൾക്കും വിനിയോഗിക്കാൻ സാധിക്കും. സർവേ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെയാണ് സ്റ്റേഷൻ സ്ഥാപിച്ചത്. കേരളപ്പിറവിക്കു മുമ്പ് സ്ഥാപിതമായ വകുപ്പ് എന്ന നിലയിൽ സർവേ ഭൂരേഖ വകുപ്പുകളിലെ രേഖകൾ ചരിത്ര വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി ഗവേഷണത്തിനടക്കം സഹായകരമാകുന്ന നിലയിൽ ചരിത്ര മ്യൂസിയം കൂടി സർവേ ഡയറക്ടറേറ്റിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. സർവേ ഭൂരേഖാ വകുപ്പ് ഡയറക്ടർ ശ്രീറാം സാംബശിവറാവു, വാർഡ് കൗൺസിലർ രാഖി രവികുമാർ, എൻഐസി ടെക്‌നിക്കൽ ഡയറക്ടർ മനോജ്, ലാൻഡ് റവന്യു അസി. കമ്മിഷണർ സെബിൻ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Dig­i­tal sur­vey will be more accu­rate: Min­is­ter K Rajan
You may also like this video

Exit mobile version