Site iconSite icon Janayugom Online

മന്ത്രിയായ ശേഷം അമ്പതോളം പദ്ധതികള്‍ ആരംഭിച്ചു,എല്ലാം വിജയമായതില്‍ സന്തോഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായി ചുമതലയേറ്റ ശേഷം കെഎസ്ആര്‍ടിസിയില്‍ ആരംഭിച്ച കെഎസ്ആര്‍ടിസിയില്‍ ആരംഭിച്ച അമ്പതുപദ്ധതികളില്‍ അമ്പതും വിജയമായതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. എന്നെ ഞാനാക്കിയ ഈ പത്തനാപുരത്ത് നിന്ന് ഇത് പറയുമ്പോള്‍ അതിലേറെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസി ബസുകളിലെയ്ക്കും ബസ് സ്റ്റേഷനിലെയ്ക്കുമുള്ള ഡെസ്റ്റ് ബിന്നുകളുടെ സംസ്ഥാന തല ഉദ്ഘാടനവും പത്തനാപുരം കെഎസ്ആര്‍ടിസി ബസ് ഡിപ്പോയിലെ ഇ‑ഓഫീസ്, ഗ്യാരേജ് ഷെഡ്, മില്ലറ്റ് ഗാര്‍ഡന്‍ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ മൊബൈൽ ആപ്പിൽ ഇനി ലഭ്യമാകും എന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസിനെക്കുറിച്ചും ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട് കാർഡുകളും മൊബൈൽ ആപ്പ് വഴി ചാർജ് ചെയ്യാനാകും. അച്ചടിച്ച 90,000 കാർഡുകളിൽ 82,000 കാർഡുകൾ വിൽപ്പന നടത്തി. അഞ്ചുലക്ഷം കാർഡുകൾകൂടി ഉടൻ സജ്ജമാക്കുമെന്നും അറിയിച്ചു. 

നിലവിൽ 26 കെഎസ്ആർടിസി ഡിപ്പോകൾ ഇ‑ഓഫീസ് സംവിധാനത്തിലേക്ക് മാറി. റോഡിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ ബസുകളിൽ ഏർപ്പെടുത്തിയ ഡസ്റ്റ് ബിൻ സൗകര്യം സ്വകാര്യ ബസ്സുകളിലും സജ്ജമാക്കും. ദീർഘദൂര യാത്രയ്ക്ക് കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബസുകൾ ഉടൻ നിരത്തിലിറക്കുമെന്നും വൈഫൈ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

Exit mobile version